ജില്ലയിലെ ക്വാറി-ക്രഷര്‍ ഉടമകള്‍ ഇന്നുമുതല്‍ സമരത്തിലേക്ക്
1263256
Monday, January 30, 2023 12:42 AM IST
കാസര്‍ഗോഡ്: സംസ്ഥാന വ്യാപകമായി ക്വാറികളിലും ക്രഷറുകളിലും നടക്കുന്ന പണിമുടക്ക് സമരത്തിന്റെ ഭാഗമായി ജില്ലയിലെ ക്വാറികളും ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സി. നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എൺവയണ്‍മെന്റല്‍ ക്ലിയറന്‍സ് (ഇസി) ഹോള്‍ഡേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ഇതോടെ ദേശീയപാത വികസനവും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിജിലന്‍സും പോലീസും ഉള്‍പ്പെടെയുള്ള സര്‍ക്കാർ വകുപ്പുകൾ നിരന്തരം ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചാണ് പണിമുടക്ക്. ക്വാറികളിൽ നിന്നു ലോഡുമായെത്തുന്ന വാഹനങ്ങൾ അകാരണമായി പിടികൂടി വലിയ തുക പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. ഒരു വാഹനത്തിന് അര ലക്ഷവും മുക്കാല്‍ ലക്ഷവും വരെയാണ് പിഴ ചുമത്തുന്നത്. ഇതിനെതിരെ കഴിഞ്ഞ മാസം 21 ന് സൂചനാ പണിമുടക്ക് നടത്തിയിരുന്നു. പരിസ്ഥിതി അനുമതിക്കായി ക്വാറി ഉടമകള്‍ നല്കിയ അപേക്ഷകളില്‍ മൂന്ന് വര്‍ഷമായിട്ടും തീരുമാനം എടുത്തിട്ടില്ല. സ്ഥാപനങ്ങള്‍ക്കെതിരെ പരാതി ഉണ്ടായാല്‍ വിശദീകരണം തേടുകയോ വ്യക്തമായ അന്വേഷണം നടത്തുകയോ ചെയ്യാതെ സ്റ്റോപ്പ് മെമ്മോ നല്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും പാറ ഖനനത്തിന് ലേലം നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. വാഹനങ്ങളില്‍ കയറ്റുന്ന കരിങ്കല്‍ ഉത്പന്നങ്ങളുടെ അളവിന് കണക്കായി ജിയോളജി പാസ് നല്‍കുക, പകല്‍ സമയങ്ങളില്‍ നാല് മണിക്കൂര്‍ ടിപ്പര്‍ ലോറികള്‍ റോഡിലിറങ്ങുന്നതിനുള്ള നിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഡാവി സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി ടി.കെ. ഹനീഫ, ജില്ലാ രക്ഷാധികാരി എം.നാഗരാജ്, പ്രതീഷ്, ജയ്ഞ്ചല്, അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.