കല്ലട ജലോത്സവം ഒക്ടോബർ അഞ്ചിന്
1225653
Wednesday, September 28, 2022 11:02 PM IST
കുണ്ടറ: വള്ളംകളി മത്സരങ്ങളിൽഏറെ ശ്രദ്ധേയമായിരുന്ന കല്ലടജലോത്സവം ഇരുപത്തിയെട്ടാം ഓണനാളായ ഒക്ടോബർ അഞ്ചിന് മൺട്രോത്തുരുത്ത് കാരുത്രക്കടവ് നെട്ടായത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ഇത്തവണ തെക്കനോടി, വെപ്പ് (എ-ബി), ഇരുട്ടുകുത്തി(ബി), ഫൈബർ ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. വള്ളംകളിക്ക് മുന്നോടിയായി നാലിന് വൈകുന്നേരം നടക്കുന്ന ലഹരിവിരുദ്ധ സെമിനാറിൽ മുൻ ഡിജിപി ഋഷിരാജ് സിങ് പങ്കെടുക്കും. കോവിഡ് പശ്ചാത്തലത്തിൽ രണ്ടുവർഷമായി മുടങ്ങിപ്പോയ കല്ലട ജലോത്സവം ഏറെ ആവേശകരമായാണ് സംഘടിപ്പിച്ചിട്ടുള്ളതെന്നും സംഘാടകർ പറഞ്ഞു.
ജലോത്സവത്തിന്റെ മുഖ്യ സംഘാടകനും ഫിനാൻസ് ചെയർമാനുമായ സന്തോഷ് അടൂരാൻ, മൺട്രോത്തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അനീറ്റ, മുൻ പ്രസിഡന്റ് എസ് ശോഭ, പബ്ലിസിറ്റി ചെയർമാൻ സജിത്ത് ശിങ്കാരപ്പള്ളി, റൈസ് മോണിറ്ററിങ് ചെയർമാൻ ബിജു കല്ലിക്കോടൻ, സന്തോഷ് യോഹന്നാൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.