അഷ്ടമുടി പുനരുജ്ജീവനം; ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കും: മേയര്‍
1226057
Thursday, September 29, 2022 11:24 PM IST
കൊല്ലം: അഷ്ടമുടി കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കി ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി ' പദ്ധതിയുടെ തുടർ പ്രവർത്തനത്തനവുമായി ബന്ധപ്പെട്ട് ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്.
സി. കേശവൻ സ്മാരക ടൗൺ ഹാളിൽ നടന്ന പ്രത്യേക യോഗത്തിലാണ് അഷ്ടമുടിക്കായല്‍ ശുചീകരണത്തിനും നവീകരണത്തിനും 11 കോടി തുക വകയിരുത്തിയതായി വ്യക്തമാക്കിയത്. ജലാശയങ്ങളുടെ പുനരുജ്ജീവനം, ശാസ്ത്രീയ മാലിന്യ സംസ്കരണം എന്നിവയ്ക്കാണ് മുന്‍തൂക്കം.
കോര്പ്പറേഷന് പരിധിയിലെയും കായലിനോട് ചേര്‍ന്നുള്ള 12 പഞ്ചായത്തുകളിലെയും കായല്‍ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.
ഇതിനായി ദീര്‍ഘകാല-ഹ്രസ്വകാല പദ്ധതികള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കും. കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത്, വിവിധ പഞ്ചായത്തുകള്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സഹകരണത്തോടെയാണ് കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്. കായൽ സംരക്ഷണത്തിന് കായല്‍ പരിസരത്തെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും .
കടവുകൾ നവീകരിക്കും. കോർപ്പറേഷന്റെ നേതൃത്വത്തിൽ ഫ്ളോട്ടിംഗ് ഗാർഡനും മ്യൂസിക് ഫൗണ്ടനും സജ്ജീകരിക്കും. അറവുശാല-ഹൗസ് ബോട്ട് മാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവ കായലില്‍ തള്ളുന്നത് തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മേയർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷർ, ബ്ലോക്ക്- ഗ്രാമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , വകുപ്പ്തല ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.