പേരയംമുക്ക് മുണ്ടുമാംവിള റോഡ് ഉദ്ഘാടനം ചെയ്തു
1263066
Sunday, January 29, 2023 10:30 PM IST
കുണ്ടറ : ഞാങ്കടവ്കുടിവെള്ള പദ്ധതിയ്ക്കായി വെട്ടിപ്പൊളിച്ച ശേഷം കരാർ വ്യവസ്ഥ പാലിക്കാതെ വകുപ്പധികൃതർ അവഗണിച്ചിരുന്ന റോഡിന് ശാപമോക്ഷം. പേരയം പഞ്ചായത്തിലെ പേരയംമുക്ക് - മുണ്ടുമാംവിള റോഡ് പി.സി.വിഷ്ണുനാഥ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മിച്ചു.
കഴിഞ്ഞ നാല് വർഷമായി കാൽനടയാത്ര പോലും സാധ്യമല്ലാതെ കിടന്ന റോഡിനാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ അഭ്യർഥന പ്രകാരം എംഎൽഎ ഫണ്ട് അനുവദിച്ചത്. റീ ടാറിങ്ങും തുടർന്ന് ഇരുവശങ്ങളിലും കോൺക്രീറ്റും ചെയ്താണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. പുനർനിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം പി.സി.വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു. ശേഷിക്കുന്ന ഭാഗം റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തതായി പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, അരുൺ അലക്സ്, സ്ഥിരം സമിതി അധ്യക്ഷ വൈ. ചെറുപുഷ്പം, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലത ബിജു, ബി.സ്റ്റാഫോർഡ്, വിനോദ് പാപ്പച്ചൻ, എൻ.ഷേർളി, ലിജു വർഗ്ഗീസ്, എന്നിവർ പ്രസംഗിച്ചു.