കണക്ട് കുണ്ടറ' പദ്ധതിയുടെ നാലാംഘട്ട ഉദ്ഘാടനവും കോമേഴ്സ് കരിയർ കോൺക്ലേവും
1592652
Thursday, September 18, 2025 6:45 AM IST
കുണ്ടറ: കുണ്ടറ നിയോജക മണ്ഡലത്തിലെ വിദ്യാർഥികളുടെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടു കഴിഞ്ഞ മൂന്ന് വർഷമായി പി. സി. വിഷ്ണുനാഥ് എംഎൽഎ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന 'കണക്ട് കുണ്ടറ' പദ്ധതിയുടെ നാലാംഘട്ട ഉദ്ഘാടനം കുണ്ടറ എം ജി ഡി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ രാജു നാരായണസ്വാമി നിർവഹിച്ചു.
പി .സി .വിഷ്ണുനാഥ് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കേവലം പണം നേടാനുള്ള കരിയർ വളർത്തിയെടുക്കാനുള്ള ഒരു വഴിയായി മാത്രം വിദ്യാഭ്യാസത്തെ കാണാതെ, സ്വന്തം പ്രതിഭ കണ്ടെത്തുന്നതിനുള്ള, അതിനെ പരിപോഷിപ്പിക്കുന്നതിനുള്ള അചഞ്ചലമായ അടിസ്ഥാനമായി വിദ്യാഭ്യാസത്തെ മാറ്റണമെന്ന സന്ദേശം ഉദ്ഘടന പ്രസംഗത്തിൽ രാജു നാരായണസ്വാമി പറഞ്ഞു.
കുണ്ടറയിലെ എല്ലാ വിദ്യാർഥികളെയും ലോകത്തിനുമുഴുവൻ മാതൃകയാകുന്ന ഭാവി വാഗ്ദാനങ്ങളാക്കി മാറ്റണം എന്ന സ്വപ്നയാത്രയുടെ കപ്പിത്താന്മാർ തന്റെ മുന്നിലുള്ള വിദ്യാർഥികളാണെന്നും അവരിലുള്ള തന്റെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രതിഫലനമാണ് പദ്ധതി നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
മണ്ഡലത്തിലെ ഓരോ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹയർ സെക്കൻഡറി കോമേഴ്സ് വിദ്യാർഥികൾക്കായുള്ള കോമേഴ്സ് കരിയർ കോൺക്ലേവിലൂടെ 2025-2026 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. കോമേഴ്സ് മേഖലയിലെ ഭാവിസാധ്യതകളെക്കുറിച്ചും, യുവാക്കളുടെ പങ്കിനെക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ അവസരങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ കോൺക്ലേവിൽ 180ലധികം വിദ്യാർഥികൾ പങ്കെടുത്തു.
കൊല്ലം ജില്ലാ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേർസ് കോർഡിനേറ്റർ പോൾ ആന്റണി, സ്കൂൾ പ്രിൻസിപ്പൾ സജി വറുഗീസ്, പ്രധാനാധ്യാപകൻ ഫിലിപ് എം. ഏലിയാസ്, പബ്ലിക് പോളിസി അനലിസ്റ്റ് അഖിൽ കുര്യൻ, ഷെറിൻ കളത്തിൽ, കണക്ട് കുണ്ടറ പ്രൊജക്റ്റ് കോർഡിനേറ്റർ അതുൽകൃഷ്ണ എന്നിവർ പ്രസംഗിച്ചു.