കൊല്ലത്ത് യുഡിഎഫ് ജില്ലാ നേതൃയോഗം ബഹിഷ്കരിച്ച് മുസ്ലിം ലീഗ്
1592648
Thursday, September 18, 2025 6:30 AM IST
കൊല്ലം: യുഡിഎഫ് കൊല്ലം ജില്ലാ നേതൃയോഗത്തില്‍ മുസ്ലിം ലീഗ് പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും പങ്കെടുക്കുന്ന യോഗത്തിൽ നിന്നാണ് ലീഗ് നേതാക്കൾ വിട്ടുനിന്നത്. ഏറെ നാളായി മുന്നണിയില്‍ കൊല്ലത്ത് നിലനില്‍ക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലാണിത്.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ രണ്ടു സീറ്റുകൾ വേണമെന്ന ആവശ്യം ലീഗ് മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതിനിടെ, യുഡിഎഫ് നേതൃയോഗത്തിന്റെ പോസ്റ്ററില്‍ ജില്ലയിലെ ലീഗ് നേതാക്കളെ ഒരാളെ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ജില്ലാ ലീഗ് നേതൃത്വത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കി.
പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധം അറിയിക്കാൻ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം തുടർന്ന് തീരുമാനം എടുക്കുകയായിരുന്നു.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഏറെക്കാലമായി അവഗണിക്കുകയാണെന്ന് ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ പറഞ്ഞിട്ടുണ്ട്. രേഖാമൂലം ഇക്കാര്യത്തിൽ യു ഡി എഫ് ചെയര്‍മാനും കണ്‍വീനര്‍ക്കും പരാതി എഴുതി നൽകിയിട്ടുണ്ടെന്നും പ്രതിഷേധം തുടർന്നും ഉണ്ടാവുമെന്നും സുല്‍ഫിക്കര്‍ പറയുന്നു.