തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത: ഹർത്താലും മനുഷ്യച്ചങ്ങലയും ഇന്ന്
1592249
Wednesday, September 17, 2025 6:29 AM IST
ചാത്തന്നൂർ : തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഹർത്താലും മനുഷ്യച്ചങ്ങലയും ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നു മുതൽ ചാത്തന്നൂർ നെടുങ്ങോലം പരവൂർ മേഖലകളിലെ കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിക്കുവാൻ വ്യാപാരി വ്യവസായി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് തിരുമുക്ക് മുതൽ ചാത്തന്നൂർ വരെയാണ് മനുഷ്യചങ്ങല തീർക്കുന്നത്.
ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ പ്രവർത്തകർ, യുവജന വിദ്യാർഥി, മഹിളാസംഘടനകൾ, പൊതുജനങ്ങൾ, തുടങ്ങിയവരെല്ലാം ചങ്ങലയിൽ കണ്ണികളാകും.
തുടർന്ന് തിരുമുക്കിൽ നടക്കുന്നസർവകക്ഷി പൊതുയോഗത്തിൽ പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്,ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ , ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.സേതുമാധവൻ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.ആർ.ദിലീപ് കുമാർ, കെപിസിസി മെമ്പർ നെടുങ്ങോലം രഘു ,
സിപിഎം ചാത്തന്നൂർ ഏരിയാ സെക്രട്ടറി പി.വി.സത്യൻ, ബിജെപി സഹകരണ സെൽ ജില്ലാ പ്രസിഡന്റ് എസ്.വി.അനിത്ത് കുമാർ ,ആർഎസ്പി മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷാലു .വി .ദാസ് പരവൂർ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ ,കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ, സിപിഎം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ദിജു,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ബി. പ്രേമാനന്ദ് ,ശശിധരൻ ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു പ്രസംഗിക്കും.
നിവേദനങ്ങൾ സമർപ്പിച്ചിട്ടും ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ നടന്നിട്ടും തിരുമുക്കിലെ അശാസ്ത്രിയ അടിപ്പാത സംബന്ധിച്ച് ഇതുവരെയും ദേശീയ പാത അഥോറിട്ടി കണ്ണ് തുറന്ന് ജനങ്ങൾക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കാൻ തയ്യാറായിട്ടില്ല.
ഹൈക്കോടതിയിൽ നിരവധി കേസുകൾ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതി െന്റ ഭാഗമായി അടുത്ത ദിവസം മുതൽ തിരുമുക്കിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്ന് തിരുമുക്ക് അടിപ്പാത സമരസമിതി ഭാരവാഹികൾ അറിയിച്ചു.