ശബ്ദമലിനീകരണം പോലീസ് തടയണം: മനുഷ്യാവകാശ കമ്മീഷൻ
1592050
Tuesday, September 16, 2025 6:36 AM IST
കൊല്ലം : ശബ്ദമലിനീകരണ നിയന്ത്രണ നിയമം ലംഘിച്ച് എല്ലാ വർഷവും ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തുന്ന ശബ്ദമലിനീകരണം തടയാൻ പോലീസിന്റെ ഭാഗത്ത് നിന്നും ജാഗ്രത വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാവുകയാണെങ്കിൽ ആവശ്യമായ തുടർനടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ കുണ്ടറ എസ്എച്ച്ഒ ക്ക് നിർദ്ദേശം നൽകി. പരാതിയുണ്ടാവുകയാണെങ്കിൽ പരാതിക്കാരന് കുണ്ടറ എസ്എച്ച്ഒ യെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു. പെരുമ്പുഴ സ്വദേശി എ. എസ്. മനു സമർപ്പിച്ച പരാതിയിലാണ് നടപടി.
കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തലപ്പറമ്പ് ജംഗ്ഷനിൽ യുവജനവേദിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും പരിപാടി നടക്കാറുണ്ടെന്നും പരാതിക്കാരന് ഒഴികെ മറ്റാർക്കും ഇതിൽ പരാതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഫലപ്രദമായ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. രാത്രിഒന്നുവരെ ലൗഡ് സ്പീക്കർ പ്രവർത്തിപ്പിക്കാറുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.