അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവ് ഇടാനുള്ള അധികാരം ജില്ലാ കളക്ടർക്ക് നൽകണമെന്ന്
1591559
Sunday, September 14, 2025 5:42 AM IST
അഞ്ചൽ: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന കരട് ബില്ല് അവതരിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും അക്രമകാരികളായ വന്യ മൃഗങ്ങളെ കൊല്ലുവാൻ ഉത്തരവിടാനുള്ള അധികാരം ജില്ലാ കളക്ടർക്ക് നൽകണമെന്നും കേരള കർഷക ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര നിയമത്തിന്റെ കീഴിൽ വരുന്ന വനം വന്യ ജീവി നിയമങ്ങൾ മാറ്റം വരുത്താനുള്ള സമ്മർദം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരെ കർഷക രക്തസാക്ഷികൾ ആയി അംഗീകരിക്കണം.
അവരുടെ കുടുംബ അംഗങ്ങൾക്കുള്ള തുക ഉയർത്തുകയും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുന്ന രീതിയിൽ നിയമം മാറ്റുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. മനുഷ്യരേക്കാൾ വലുതല്ല വന്യമൃഗങ്ങൾ എന്ന ബോധ്യം വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഉണ്ടാവണം.
ജോലിയിൽ കൃത്യത പാലിക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ പിരിച്ചു വിടാനും സർക്കാർ തയാറാവണമെന്നും കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.സി. ശിവശങ്കരൻ, സെക്രട്ടറി കെ.എം. മത്തച്ഛൻ, ട്രഷറർ ജോർജ് മുരിക്കൻ എന്നിവർ പ്രസംഗിച്ചു.