തില്ലേരി സെന്റ് ആന്റണീസ് ആശ്രമത്തിൽ ഒരു ഏദൻതോട്ടം
1591058
Friday, September 12, 2025 6:00 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: വൈദികവൃത്തിയുടെ വിശുദ്ധിക്കൊപ്പം ശുദ്ധമായ കൃഷിയുടെ സന്ദേശവും ജനങ്ങളിലേക്ക് വീശുകയാണ് ഫ്രാൻസീസ്കൻ കപ്പൂച്ചിൻ സഭയുടെ തില്ലേരി സെന്റ് ആന്റണീസ് ആശ്രമത്തിലൂടെ. വിശുദ്ധ ഫ്രാൻസിസിനെ പോലെ ലാളിത്യവും സാഹോദര്യവും പ്രാർഥനയും പ്രകൃതിയോടു ചേർന്നുള്ള ജീവിതവുമാണ് ആശ്രമത്തിൽനിന്നും ഒഴുകുന്നത്. പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ചെടികളും മൃഗങ്ങളും പക്ഷികളും ആശ്രമത്തിനൊരു ചൈതന്യമാണ് പകരുന്നത്.
ആറ് ഏക്കർ വരുന്ന കൃഷിയിടത്തിൽ നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് കണ്ണിനുകുളിരു പകരുന്നു. കൃഷിത്തോട്ടത്തൊടൊപ്പം പശുഫാമും മീൻവളർത്തലും ആടുഫാമും മുയലും കോഴിയും താറാവും വാത്തയും ഈ കൃഷിയിടത്തിലുണ്ട്. ആശ്രമ റെക്ടർ റവ.ഡോ. സെബാസ്റ്റ്യൻ തോബിയാസ് ഒഎഫ് എം സിഎപിയുടെ മേൽനോട്ടത്തിലാണ് ഇവിടുത്തെ ഓരോ പ്രവർത്തനവും മുന്നോട്ടു പോകുന്നത്.
ഫാമുകളുടെ ചാർജ് ഫാ. അൽഫോൻസ് ലൂഷ്യസ് ഒഎഫ്എം സിഎ പി, കൃഷിയിടങ്ങളുടെ മേൽനോട്ടം ഫാ. ക്ലീറ്റസ് ആന്റണി ഒഎഫ്എം സിഎപി എന്നിവർക്കാണ്. എന്നാൽ ഇവരോടൊപ്പം ഈ ആശ്രമത്തിലെ വൈദികരും വൈദികവിദ്യാർഥികളും ഇവയെ സ്നേഹിച്ചുകൂടെയുണ്ട്.
ശുദ്ധമായ പാലും മരുന്നടിക്കാത്ത പച്ചക്കറിയും ഉപയോഗിക്കണമെന്നാഗ്രഹത്തോടെയാണ് ഈ ഭൂമിയെ ഉപയോഗപ്പെടുത്തുന്നത്. തെങ്ങ്, വാഴ എന്നിവ കൂടാതെ സർവ പച്ചക്കറികളും ഈ ഭൂമിയിൽ നട്ടുവളർത്തുന്നുണ്ട്. വെണ്ട, വഴുതനങ്ങ, പടവലം, വെള്ളരി, മത്തൻ, മരച്ചീനി, മുളക്, മഞ്ഞൾ, ഇഞ്ചി, തക്കാളി, ബീൻസ്, പയർ, ചീര തുടങ്ങിയവയെല്ലാം തലയുയർത്തിയാണ് നില്ക്കുന്നത്. 500 വാഴകളും അര ഏക്കറിൽ കപ്പയും വളർത്തുന്നുണ്ട്.
ഈ കൃഷിയിടത്തിൽ വളരുന്നതെല്ലാം അടുക്കളയിലേക്കുമാത്രമല്ല, ഇല്ലാത്ത പാവപ്പെട്ട നാട്ടുകാർക്കും നല്കുന്നു. 21അടി ഉയരത്തിലും 60 അടിനീളത്തിലും 45 അടി വീതിയിലുമുള്ള മനോഹരമായ പശുഫാമാണ് ഈ തോട്ടത്തിലെ മറ്റൊരു ആകർഷണം. കാറ്റും വെളിച്ചവും കയറുന്ന ഫാം. പശുക്കൾക്കായി ഫാനും ഒരുക്കിയിട്ടുണ്ട്. കോൺക്രീറ്റ് തറകളും കന്നുകാലികളുടെ കാലിനുപ്രശ്നം ഉണ്ടാകാതിരിക്കാൻ റബർമാറ്റും കുടിക്കാൻ വെള്ളവും ഒരുക്കിയിട്ടുണ്ട്. കുളിപ്പിക്കാൻ ഇഷ്ടംപോലെ വെളളം.
വൃത്തിയും വെടിപ്പുമാണ് ഫാമിന്റെ പ്രത്യേകത. ജേഴ്സിയും എച്ച്എഫുമാണ് ഫാമിലുള്ളത്. 25 എണ്ണത്തിൽ 16 ഓളം പശുക്കൾക്കുകറവയുണ്ട്. മൂന്നു എരുമകളുമുണ്ട്. ആറോളം കുഞ്ഞുങ്ങളുമുണ്ട്. പുലർച്ചെ അഞ്ചിനും ഉച്ചക്ക് രണ്ടിനുമാണ് യന്ത്രമുപയോഗിച്ചുകറക്കുന്നത്. ഇവയുടെ പരിപാലനത്തിനായി തൊഴിലാളികളുണ്ട്. ആവശ്യത്തിനു എടുത്തശേഷം കവറിലാക്കി പുറത്തു നാട്ടുകാർക്കു കൊടുക്കുന്നുണ്ട്. മിൽമയ്ക്കും ബേക്കറികൾക്കും കൂടാതെ പാലെടുത്ത് ഉപജീവനം നയിക്കുന്ന ഒരാൾക്കും പാൽ നൽകുന്നുണ്ട്. ഇവയുടെ തീറ്റക്കായി ഒരുഏക്കർ സ്ഥലത്ത് തീറ്റപ്പുൽകൃഷി ചെയ്യുന്നുണ്ട്.
ലാർജ് വൈറ്റ് യോർക്ക്ഷെയർ,ലാൻഡ്രേസ് ,ഡ്യൂറോക്ക് തുടങ്ങിയ ഇനത്തിൽപ്പെട്ട 20ഓളം പന്നികളാണ് ഫാമിലുള്ളത്. ഇടത്തരവും കുഞ്ഞുങ്ങളും ഇവയ്ക്കൊപ്പമുണ്ട്. ക്രിസ്മസിനും ഈസ്റ്ററിനുമാണ് ഇവയുടെ മാംസം വിൽക്കുന്നത്. ആടുകളിൽ ജമുനാപാരി, മലബാറി, ബീറ്റൽ, ഹൈദ്രാബാദി ഇനങ്ങളിൽപ്പെട്ട ആടുകളാണുള്ളത്.
ഇതിന്റെ പാൽ പൂർണമായും കുഞ്ഞുങ്ങൾക്കു കുടിക്കാൻ കൊടുക്കുകയാണ്. ഇതിനോടൊപ്പം ഔഷധഗുണമുള്ള പാൽ നല്കുന്ന നാടൻ പശുക്കളായ വെച്ചൂരും കാസർകോഡ് കുള്ളനും ഇവിടെയുണ്ട്. താറാവും കോഴിയും ചൈനീസ് വാർത്തകളും കൂടെ മണിതാറാവുകളും നിറഞ്ഞുനിൽക്കുന്നു. ഇവയ്ക്കെല്ലാം നീന്തികളിക്കാൻ കുളവും ഈ കുളത്തിൽ മീൻ വളർത്തലുമുണ്ട്.
ഇതൊന്നും പണം ഉണ്ടാക്കാനോ, ലാഭം കൊയ്യാനൊഅല്ല പ്രകൃതിയോടു ചേർന്നു ജീവിക്കുക. ശുദ്ധവായു ശ്വസിച്ചു ഈ പറന്പിലൂടെ നടക്കുക. ഓരോ ചെടിയുടെയും വളർത്തുമൃഗങ്ങളുടെയും അടുത്ത് അല്പനേരം പങ്കിടുന്പോൾ ലഭിക്കുന്ന അനുഭവം വലുതാണ്.
വിശുദ്ധ ഫ്രാൻസിസിനെ പോലെ പ്രാർഥന ജീവിതത്തൊടൊപ്പം പ്രകൃതിയോടും ചേർന്നുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഫാ. ക്ലീറ്റസ് ആന്റണിയും ഫാ. അൽഫോൻസ് ലൂഷ്യസും പറയുന്നു.