പുനലൂർ നഗരസഭ വോട്ടർപട്ടികയിൽ ക്രമക്കേട് : നിയമപോരാട്ടത്തിന് ഒരുങ്ങി കോൺഗ്രസ്
1590559
Wednesday, September 10, 2025 6:30 AM IST
പുനലൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയ പുനലൂർ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി പുനലൂരിലെ കോൺഗ്രസ് നേതൃത്വം. നഗരസഭയിലെ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർക്കും അസിസ്റ്റൻറ് രജിസ്ട്രേഷൻ ഓഫീസർമാർക്കും എതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി കോൺഗ്രസ് നേതൃത്വം പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒരേ വോട്ടർമാർ തന്നെ ഒന്നിലധികം വാർഡുകളിൽ തങ്ങളുടെ വോട്ട് ചേർക്കുകയും കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിൽ റെസിഡൻസ് സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് വോട്ട് ചേർക്കുകയും പാർട്ടി ഓഫീസുകളുടെ പേരിലും മറ്റും വ്യാജ വോട്ടുകൾ കൂട്ടിച്ചേർക്കുകയും ചെയ്ത വോട്ടർമാർക്ക് എതിരെ കൂടി നിയമനടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ഇരട്ട വോട്ടും വ്യാജ വോട്ടും ഉപയോഗിച്ച് ഇതര സംസ്ഥാനക്കാരുടെ വോട്ട് വ്യാപകമായി കൂട്ടിച്ചേർത്തുകൊണ്ടും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങൾക്കു പിന്തുണ നൽകുന്ന ഉദ്യോഗസ്ഥരുടെ നിലപാടുകളില് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അറിയിച്ചു.
രാജ്യ സേവനത്തിന് അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികരുടെയും പഠനത്തിനും ജോലി ആവശ്യത്തിനും വിദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിലും പോയിട്ടുള്ള ആളുകളുടെയും വോട്ട് അന്യായമായി നീക്കം ചെയ്യുന്നതിനും താമസമില്ലാത്ത ഒട്ടനവധി ആളുകളുടെ വോട്ട്, ആക്ഷേപം ലഭ്യമായ ശേഷവും നിലനിർത്തുകയും ചെയ്യുന്ന നിലപാടാണ് നഗരസഭയിൽ ചില ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും ഇത് ആസൂത്രിതമായി ചെയ്ത ക്രമക്കേടാണെന്നും ഇതിനെതിരെയാണ് നിയമ പോരാട്ടം ആരംഭിക്കുന്നത്.
പരാതി നല്കുന്നത് കൂടാതെ നഗരസഭ ഓഫീസിനു മുന്നില് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, ഡപ്യൂട്ടി ലീഡർ സാബു അലക്സ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എസ്. നാസർ, കെ.എൻ. ബിപിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.