ബാങ്കില്‍ മോഷണ ശ്രമം; പ്രതിയെ മണിക്കൂറുകള്‍ക്കുള്ളിൽ പിടികൂടി
1590555
Wednesday, September 10, 2025 6:24 AM IST
കടയ്ക്കല്‍ : നിലമേല്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഇടറോഡില്‍ പ്രവര്‍ത്തിക്കുന്ന ഐഡിഎഫ്സി ബാങ്കിൽ കവർച്ചശ്രമം നടത്തിയ മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ ചടയമംഗലം പോലീസ് അറസ്റ്റു ചെയ്തു.
നിലമേൽ വെയ്ക്കൽ സ്വദേശിയായ മുഹമ്മദ് സമീറാണ് പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച ശ്രമം നടന്നത്. ബാങ്കിന്റെ ഷട്ടര്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാവിനു പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തകര്‍ക്കാന്‍ കഴിയാതെ വന്നതോടെ കവര്‍ച്ചാ ശ്രമം പൊളിയുകയായിരുന്നു. ഇതോടെ ബാങ്കില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആര്‍ എടുത്ത പ്രതി രക്ഷപ്പെടുകയും ചെയ്തു.
കഴിഞ്ഞദിവസം ബാങ്ക് തുറക്കാനെത്തിയ ജീവനക്കാര്‍ കവര്‍ച്ച ശ്രമം മനസിലാക്കിയതോടെ ചടയമംഗലം പോലീസില്‍ പരാതി നല്കി. അന്വേഷണം ആരംഭിച്ച പോലീസ് ബാങ്കില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ ചിലതു വീണ്ടെടുത്ത് വിശദമായി പരിശോധിച്ചു.
കൂടാതെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ശേഖരിച്ചു. ഇതോടെ പ്രതിയെ കുറിച്ചു സൂചന ലഭിച്ച പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.
പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ബാങ്കില്‍ എത്തിച്ചു തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേ രത്തോടെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.