കൊല്ലം - തിരുവനന്തപുരം റൂട്ടിൽ പാസഞ്ചർ ട്രെയിനുകളുടെ സമയക്രമം അശാസ്ത്രീയം
1590768
Thursday, September 11, 2025 6:49 AM IST
കൊല്ലം: കൊല്ലത്തിനും തിരുവനന്തപുരത്തിനും മധ്യേ സർവീസ് നടത്തുന്ന മിക്ക പാസഞ്ചർ ട്രെയിനുകളുടെയും സമയക്രമം അശാസ്ത്രീയം. സ്ഥിരം യാത്രികർ അടക്കമുള്ളവർക്ക് ഒട്ടും പ്രയോജനപ്പെടാത്ത വിധമാണ് ഈ ട്രെയിനുകളുടെ സമയം നിശ്ചയിച്ചിട്ടുള്ളത്. മെമു ട്രെയിൻ അടക്കം ഇത്തരത്തിൽ ആർക്കും ഗുണകരമാകാത്ത രീതിയിലാണ് സർവീസ് നടത്തുന്നത്.
ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളും നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും നാളിതുവരെയും ഒരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല.രാവിലെ 6.55 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം പാസഞ്ചർ മുതൽ രാത്രി 9.20 ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കുന്ന കന്യാകുമാരി - കൊല്ലം മെമു വരെ സമയമാറ്റം അനിവാര്യമായ ട്രെയിനുകളുടെ പട്ടികയിൽ ഉൾപ്പെടും.
കൊല്ലം - തിരുവനന്തപുരം പാസഞ്ചർ പുറപ്പെടുന്നത് നിലവിലെ സമയത്തിൽ നിന്ന് 15 മിനിറ്റ് നേരത്തേ ആക്കിയാൽ പിന്നിൽ ഈ റൂട്ടിൽ വരുന്ന ആറ് ട്രെയിനുകളുടെ സമയക്ലിപ്തത ഉറപ്പുവരുത്താൻ കഴിയുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
പാസഞ്ചർ വൈകി പുറപ്പെടുന്നത് കാരണം പുറകിൽ വരുന്ന എക്സ്പ്രസ് ട്രെയിനുകൾ എല്ലാംവൈകിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇത്യകാരണം ഉദ്യോഗാർഥികളും വിദ്യാർഥികളും അടക്കമുള്ള പതിവ് യാത്രികർക്ക് കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാത്ത അവസ്ഥയുണ്ട്.
തിരികെ നാഗർകോവിൽ നിന്ന് കൊല്ലം വഴി കോട്ടയത്തിന് പോകുന്ന ട്രെയിനും മെല്ലെപ്പോക്കിലാണ്. ഈ വണ്ടി മിക്കപ്പോഴും തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കൊല്ലത്ത് എത്താൻ രണ്ടേമുക്കാൽ മണിക്കൂറോളം എടുക്കുന്നു.
നിലവിൽ ഈ ട്രെയിൻ നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് യാത്ര തിരിക്കുന്നത്. ഇത് ഉച്ചകഴിഞ്ഞ് രണ്ടിന് ആക്കിയാൽ 3.30 ന് തിരുവനന്തപുരത്ത് എത്തും.പിന്നീട് കൊച്ചുവേളിയിൽ നിന്നുള്ള പ്രതിവാര സ്പെഷൽ ട്രെയിനുകൾ എല്ലാം പോയശേഷം 3.45 ന് കൊല്ലത്തേയ്ക്ക് പുറപ്പെട്ടാൽ സർവീസ് നിരവധി പേർക്ക് ഗുണകരമാകും. മാത്രമല്ല വഴിയിൽ പല സ്റ്റേഷനുകളിൽ നിർത്തിയിട്ടുള്ള മെല്ലെപ്പോക്ക് ഒഴിവാക്കാനും സാധിക്കും.
ഇത് കൂടാതെ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഉച്ചകഴിഞ്ഞു 3.30 ന് ശേഷം രണ്ട് പാസഞ്ചർ ട്രെയിനുകൾ അടുത്തടുത്ത് സർവീസ് നടത്തുണ്ട്. ഇതും തീർത്തും അശാസ്ത്രീയമാണെന്നാണ് യാത്രക്കാരുടെ പക്ഷം. ആദ്യ ട്രെയിൻ ഉച്ചകഴിഞ്ഞ് 3.35നുള്ള കൊല്ലം - നാഗർകോവിൽ പാസഞ്ചറാണ്. 0 മിനിറ്റ് കഴിയുമ്പോൾ 3.55 ന് കൊല്ലം - തിരുവനന്തപുരം പാസഞ്ചറും പുറപ്പെടും. ഇത് കാരണം രണ്ട് ട്രെയിനുകളിലും ആവശ്യത്തിന് യാത്രക്കാരും ഇല്ലാത്ത അവസ്ഥ. ഇവയിൽ ഏതെങ്കിലും ഒരു ട്രെയിൻ വൈകുന്നേരം അഞ്ചോടെ കൊല്ലത്ത് നിന്ന് പുറപ്പെട്ടാൽ വിവിധ സ്റ്റേഷനുകളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.
കൊല്ലം -കന്യാകുമാരി മെമു ട്രെയിൻ രാവിലെ 11.35 നാണ് കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്. ഇത് അര മണിക്കൂറെങ്കിലും നേരത്തേയാക്കണമെന്നാണ് യാത്രക്കാരുടെ മറ്റൊരു ആവശ്യം.
തിരികെയുള്ള കന്യാകുമാരി - കൊല്ലം മെമു വൈകുന്നേരം നാലിനാണ് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്നത്. ഇത് ഒരു മണിക്കൂർ കൂടി വൈകി അഞ്ചിന് പുറപ്പെട്ടാൽ പോലും തിരുവനന്തപുരത്തിനും കൊല്ലത്തിനും മധ്യേ കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്പെടും. ബഫർ ടൈം ഒഴിവാക്കിയാൽ ഇങ്ങനെ സർവീസ് നടത്തിയാൽ പോലും നിലവിലെ നിർദിഷ്ട സമയത്തിന് തന്നെ കൊല്ലത്ത് മെമുവിന് എത്തിച്ചേരാനും സാധിക്കും.
മെമു ട്രെയിൻ വെള്ളിയാഴ്ചകളിൽ സർവീസ് നടത്താറുമില്ല. ഇത് വാരാന്ത്യങ്ങളിൽ വീട്ടിലെത്താനുള്ള ഉദ്യോഗസ്ഥരെയും വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മെമു പ്രതിദിന സർവീസ് ആക്കണമെന്ന ആവശ്യവും അധികൃതർ അവഗണിച്ച മട്ടാണ്.വൈകുന്നേരം 6.25 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട പുനലൂർ - മധുര പാസഞ്ചറിന്റെ അവസ്ഥയും പരിതാപകരമാണ്.
പുനലൂരിൽ നിന്ന് കൃത്യസമയത്ത് കൊല്ലത്ത് എത്തുന്ന ഈ ട്രെയിൻ വൈകി ഓടുന്ന ദീർഘദൂര ട്രെയിനുകളെ കടത്തി വിടുന്നതിനായി മിക്കപ്പോഴും മുക്കാൽ മണികൂറിലധികം പിടിച്ചിടാറുണ്ട്. ഈ വണ്ടി കൊല്ലത്ത് വൈകുന്നേരം ആറിന് പുറപ്പെടുന്ന രീതിയിൽ സമയക്രമം മാറ്റണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. നേരത്തേ ഈ ട്രെയിൻ കൊല്ലത്ത് നിന്ന് വൈകുന്നേരം 5. 55 നാണ് തിരുവനന്തപുരം വഴി മധുരയ്ക്ക് പുറപ്പെട്ടിരുന്നത്.