കൊല്ലത്ത് എയർ കോൺകോഴ്സ് നിർമാണം ഉടൻ : ട്രെയിൻ ഗതാഗതം തടസപ്പെടുമെന്ന് റെയിൽവേ
1591057
Friday, September 12, 2025 6:00 AM IST
കൊല്ലം : കൊല്ലം റെയില്‍വേ സ്റ്റേഷൻ നവീകരണ ഭാഗമായി എയര്‍ കോണ്‍കോഴ്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി നിലവിലുള്ള സൗത്ത് ടെര്‍മിനല്‍ കെട്ടിടം പൊളിച്ചുനീക്കും.
ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഈ പ്രവര്‍ത്തനങ്ങള്‍ കാരണം തീവണ്ടി ഗതാഗതത്തിനു മാറ്റങ്ങളും കാലതാമസങ്ങളും ഉണ്ടാകും.
എയര്‍ കോണ്കോഴ്സിനായുള്ള തൂണുകള്‍, കോര്‍ബെല്‍, ട്രെസ്റ്റില്‍ ബീമുകള്‍ എന്നിവ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സ്ഥാപിക്കുക. നിലവിലെ സൗത്ത് ടെര്‍മിനല്‍ കെട്ടിടം പൊളിച്ചുനീക്കുന്ന ജോലികളും ഇതിനോടൊപ്പം നടക്കും.
ഇന്നു മുതല്‍ നവംബര്‍ 14 വരെയാണ് ഈ ജോലികള്‍ നടക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവും ഒരു മണിക്കൂര്‍ 30 മിനിറ്റും (രാവിലെ 10.45 മുതല്‍ 12.15 വരെ) പിന്നീട് അഞ്ച് മണിക്കൂറും (രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 3.30 വരെ) പവര്‍ ബ്ലോക്ക് അനുവദിച്ചിട്ടുണ്ട്.
പവര്‍ ബ്ലോക്ക് സമയത്ത് എല്ലാ ഡൗണ്‍ ട്രെയിനുകളും ( തിരുവനന്തപുരം ഭാഗത്തേയ്ക്ക്) മൂന്നാം നമ്പർ പ്ലാറ്റ്ഫോം വഴിയായിരിക്കും കടന്നുപോവുക. ഇത് ട്രെയിനുകളുടെ യാത്രയില്‍ 20 മിനിറ്റ് അധിക കാലതാമസം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
ഡൗണ്‍ ട്രെയിനുകള്‍ അപ് ലൈനിലൂടെ കടന്നുപോകുന്നത് കാരണം അപ് ട്രെയിനുകള്‍ക്കും (എറണാകുളം ഭാഗത്തേയ്ക്ക്) 20 മിനിറ്റ് വരെ കാലതാമസം നേരിടാം. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഉറപ്പാക്കുമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും തിരുവനന്തപുരം റെയില്‍വേ ഡിവിഷൻ അധികൃതർ അറിയിച്ചു.