നവീന ആശയങ്ങൾ പകർന്നു നൽകിയ അധ്യാപകന് അവാർഡ്
1590549
Wednesday, September 10, 2025 6:24 AM IST
കരുനാഗപ്പള്ളി: കുട്ടികളുടെ വളർച്ചയും വികാസവും ലക്ഷ്യമാക്കി നുറുകണക്കിനു നവീനമായ ആശയങ്ങൾ പകർന്നുനൽകിയ അധ്യാപകന് സംസ്ഥാന അധ്യാപക അവാർഡ് . കുലശേഖരപുരം ഗവ. എച്ച് എസ്എസി ലെ എൻ. കൊച്ചനിയനാണ് മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ചവരിൽ ഒരാൾ. ജില്ലയിൽ രണ്ടുപേർക്കാണ് അവാർഡ് ലഭിച്ചത്.
പടിഞ്ഞാറെ കല്ലട മണക്കയിൽ വീട്ടിൽ നാരായണൻ ആചാരിയുടേയും കമലാക്ഷിയമ്മയുടേയും ആറു മക്കളിൽ ഇളയവനാണ് കൊച്ചനിയൻ. നിരവധി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയും അതിനു ശേഷം കേരളപോലീസിൽ ഉദ്യോസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
2008 ൽ ഹയർ സെക്കൻഡറി സീനിയർ ചരിത്ര അധ്യാപകനായി വിദ്യാഭ്യാസ രംഗത്തേക്ക് ഔദ്യോഗിക ജോലി മാറി. ഹയർ സെക്കൻഡറി അധ്യാപകനായി എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിൽ ജോലി ചെയ്തു.
കൊല്ലം ജില്ലയിലെ ചവറ ശങ്കരമംഗലം ഹയർ സെക്കൻഡ റി സ്കൂളിൽ 2016 മുതൽ 2021 വരെയുളള കാലയളവിൽ ജോലി നോക്കവേ വിവിധ തരത്തിലുള്ള നൂതനമായ പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പാക്കി. നിലവിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് സെല്ലിന്റെ കൊല്ലം ജില്ലാ കോർഡിനേറ്ററായി ചുമതല വഹിക്കുകയാണ്.
കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിലൂടെ നിരവധി ക്ലാസുകൾ കൈകാര്യം ചെയ്തു. ക്വിസ് മാസ്റ്റർ , മോട്ടിവേറ്റർ എന്നീ നിലകളിലും സജീവമായി വിദ്യാഭ്യാസമേഖലയിൽ നിറഞ്ഞു നിൽക്കുന്നു. നിലവിൽ കഴിഞ്ഞ ഒരു വർഷമായി കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങളും കഥകളും എഴുതുന്നുണ്ട്.
ജീവിത പച്ച, വീണ്ടും പിറവി എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഭാര്യ ബിനുജ നെയ്യാറ്റിൻകര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ദിയ, ദയ എന്നിവർ മക്കളാണ്.