സർക്കാർ ശബരിമലഅയ്യപ്പനെ വിൽപനയ്ക്കുവച്ചു : ശബരിമല അയ്യപ്പ ധർമപരിഷത്ത്
1590774
Thursday, September 11, 2025 6:52 AM IST
കൊല്ലം:പരമ്പരാഗതമായി ശബരിമലയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന സംഘടനകളെയും ഹിന്ദു സംഘടനകളെയും ഒഴിവാക്കി ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വംബോർഡിന്റെയും സർക്കാരിന്റെയും നടപടി തിരുത്തേണ്ടതാണെന്നു ശബരിമല അയ്യപ്പ ധർമ പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, കോഓർഡിനേറ്റർ ചവറ സുരേന്ദ്രൻ പിള്ള എന്നിവർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ശബരിമലയിൽ ദീർഘകാല പ്രവർത്തനം നടത്തി പാരമ്പര്യമുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനഫലമായിട്ടാണ് ശബരിമലയിലേയ്ക്ക് ഭക്തജനങ്ങളെ എത്തിക്കാൻ സഹായിച്ചിട്ടുള്ളത്. ഈവസ്തുത മറച്ചുവെച്ച് ദേവസ്വം മന്ത്രി നടത്തുന്ന പ്രസ്താവനകൾ പ്രതിഷേധാർഹമാണ്.
ശബരിമലയിലെ വരുമാനം വിവിധ എജൻസികൾ മുഖേനവഴി തിരിച്ചു വിടാനുള്ള സർക്കാരിന്റെയും ദേവസ്വം മന്ത്രിയുടെയും നടപടി ശബരിമലയെ രക്ഷിക്കാനുള്ള നടപടിയായി കാണാൻ കഴിയില്ലെന്നും ഇവർ ആരോപിച്ചു. ആഗോള സംഗമം നടത്തുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നു സംഘാടകർ നാളിതുവരെ വ്യക്തമാക്കിയിട്ടില്ല. ശബരിമല സന്ദേശം കേരളത്തിന് അകത്തും പുറത്തും പ്രചരിപ്പിക്കുവാനും ഭക്തന്മാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തുകൊണ്ടിരുന്ന സേവനങ്ങളെ ഒഴിവാക്കി നടത്തുന്ന ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും നടപടിയെ കോടതി വഴി ചോദ്യം ചെയ്യാൻ ധർമ്മപരിഷത്ത് തയാറെടുക്കുകയാണ്.
ആഗോള അയ്യപ്പ സംഗമത്തിന് ഗൂഢ ലക്ഷ്യമാണെന്നും ശബരിമല അയ്യപ്പനെവിൽപനയ്ക്കു വയ്ക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും പിണറായി സർക്കാരുമെന്ന് ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായരും ചീഫ് കോർഡിനേറ്റർ ചവറ സുരേന്ദ്രൻ പിള്ളയും ആരോപിച്ചു. 22 ന് പന്തളത്ത് കർമസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല അയ്യപ്പ സംരക്ഷണ സംഗമത്തിൽ ധർമ പരിഷത്ത് പ്രവർത്തകർ പങ്കെടുക്കുമെന്നും അവർ പറഞ്ഞു.