കല്ലട ജലാശയത്തിൽ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ആരംഭിക്കുന്നു
1590548
Wednesday, September 10, 2025 6:24 AM IST
കൊല്ലം : അഷ്ടമുടി കായലിനോട് ചേർന്നുള്ള പടിഞ്ഞാറേ കല്ലട ജലാശയത്തിൽ 64 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും അന്വേഷണങ്ങളും പൂർത്തിയായി.
പ്രധാന വിതരണ കരാറുകൾ ഉറപ്പിച്ചുകഴിഞ്ഞു. ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) ആണ്പദ്ധതി നടപ്പിലാക്കുന്നത്. ഫ്ലോട്ടിംഗ് സോളാർ പദ്ധതികൾ പുനരുപയോഗ ഊർജ മേഖലയിൽ വളർന്നുവരുന്ന പ്രധാന മേഖലയാണ്. ജലാശയങ്ങളുടെ ഉപരിതലം ഉപയോഗിക്കുന്നതിനാൽ വൻതോതിലുള്ള ഭൂമി ഉപയോഗം ഒഴിവാക്കുകയും ജലാശയങ്ങളുടെ സ്വാഭാവിക തണുപ്പ് വഴി കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.
ബാഷ്പീകരണം കുറയ്ക്കുക, സിസ്റ്റത്തിന്റെ ആയുസ് വർധിപ്പിക്കുക, പരിസ്ഥിതി സന്തുലനം തടസപ്പെടുത്താതെ ജലാശയങ്ങളുടെ ഇരട്ട ഉപയോഗം സാധ്യമാക്കുക എന്നിവയാണ് ഇതിന്റെ മറ്റു നേട്ടങ്ങൾ.
എന്നാൽ, ഇത്തരം പദ്ധതികൾക്കു നൂതന എൻജിനിയറിംഗ്, പ്രത്യേക ആങ്കറിംഗ് സംവിധാനങ്ങൾ, കൃത്യമായ ഗ്രിഡ് സംയോജനം എന്നിവ ആവശ്യമാണ്.
പടിഞ്ഞാറേ കല്ലട പദ്ധതി പരിസ്ഥിതി സൗഹൃദമായി പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കുകയും ഭൂമിയുടെ ഉപയോഗം കുറച്ചു പ്രാദേശിക സമൂഹങ്ങൾക്കു ദീർഘകാല നേട്ടങ്ങൾ ഉറപ്പാക്കുകയും ചെയ്യും.
ദക്ഷിണേന്ത്യയിൽ കൂടുതൽ ഫ്ലോട്ടിംഗ് സോളാർ പദ്ധതികൾ ഏറ്റെടുക്കാനും കമ്പനി പദ്ധതിയിടുന്നു. ഇതു ഈ മേഖലയിലെ അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തും. സോളാർ, കാറ്റ്, ഹൈബ്രിഡ് പദ്ധതികൾക്കു പുറമേ, സ്റ്റോറേജ്, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലും കമ്പനി സജീവമായി പ്രവർത്തിക്കുന്നു.