മൺട്രോതുരുത്തിൽ റെയിൽ ലിങ്ക്ഡ് ടൂറിസം പദ്ധതി വരുന്നു
1591062
Friday, September 12, 2025 6:00 AM IST
കൊല്ലം: ജില്ലയിലെ അതിവേഗം വളർന്നു വരുന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൺട്രോതുരുത്തിൽ റെയിൽവേ ലിങ്ക്ഡ് ടൂറിസം പദ്ധതി വരുന്നു. ഇതു നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ആരംഭിച്ചു കഴിഞ്ഞു.
മൺട്രോതുരുത്തിലെ 12 ഏക്കറിലധികം വിസ്തൃതിയിലുള്ള റെയിൽവേ ഭൂമിയെ വിനോദ സഞ്ചാര വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. റെയിൽവേയുടെ സ്വന്തം സ്ഥലത്ത് രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണ് ഇതെന്ന സവിശേഷതയുമുണ്ട്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 25ന് ഐആർസിടിസി നേതൃത്വത്തിൽ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനെ ബന്ധപ്പെടുത്തി യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ മൺട്രോതുരുത്തിലെ ഭൂമി ടൂറിസം വികസനത്തിനു പ്രയോജനപ്പെടുത്താൻ ഓഫീസർ ലെവൽ കമ്മിറ്റിയെ രൂപീകരിച്ചു പ്രാഥമിക പഠനം നടത്താൻ തീരുമാനിക്കുകയുണ്ടായി.
ഇക്കാര്യത്തിൽ ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ തയാറാക്കുന്ന ഫീസിബിലിറ്റി റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഐആർസിറ്റിസി സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുമെന്നും യോഗത്തിൽ അറിയിച്ചിട്ടുണ്ട്. മൺട്രോതുരുത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഐആർസിറ്റിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കുമാർ ജയിനിനു കൊടിക്കുന്നിൽ സുരേഷ് എംപി കത്ത് അയച്ചിരുന്നു.
പാർലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം കശ്മീരിൽ നടന്നപ്പോൾ ചെയർമാനെ നേരിൽ കണ്ടും എംപി ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി. തുടർന്നാണ് ഐആർസിറ്റിസി ഈ പദ്ധതിയിൽ പ്രത്യേക താത്പര്യമെടുത്തു പ്രാഥമിക നടപടികളുമായി മുന്നോട്ട് പോകുന്നത്. ഇക്കോ ടൂറിസം റിസോർട്ട്, ഹെറിറ്റേജ് ഹോം സ്റ്റേകൾ, ഹെറിറ്റേജ് വില്ലേജ്, ആയുർവേദ വെൽനസ് സെന്റർ, കലാ സാംസ്കാരിക കേന്ദ്രങ്ങൾ. തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടും.
സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് റെയിൽവേ ലിങ്ക്ഡ് പാക്കേജ് ടൂറിസവും പരിഗണനയിലാണ്.തിരുവനന്തപുരം, കൊച്ചുവേളി, കൊല്ലം തുടങ്ങിയ റൂട്ടുകളെ ഉൾപ്പെടുത്തി വിനോദ സഞ്ചാരികൾക്ക് പ്രത്യേക പാക്കേജ് ആണ് ഇതുവഴി ലക്ഷ്യമിടുന്നത്.മൺട്രോതുരുത്തിലെ റെയിൽവേ ഭൂമി വിനോദ സഞ്ചാര വികസനത്തിന് പ്രയോജനപ്പെടുത്തുന്ന പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദവും ഹെറിറ്റേജ് അടിസ്ഥാനപ്പെടുത്തിയുമുള്ള ടൂറിസം കേന്ദ്രം രൂപപ്പെടുമെന്നാണ് കരുതുന്നത്.
ഇതു സംസ്ഥാനത്തിന്റേതടക്കം ടൂറിസം മേഖലയിലെ വരുമാനം വർധിപ്പിക്കുന്നതിന് ഒപ്പം പ്രാദേശിക തൊഴിൽ അവസരങ്ങളും ജീവിതോപാധികളും ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ മൺട്രോതുരുത്തിനു പുതിയ മുന്നേറ്റം നൽകാനും പദ്ധതി സഹായകരമാകും. അഷ്ടമുടിക്കായലും കല്ലടയാറും ചുറ്റി നിൽക്കുന്ന മനോഹരമായ ദ്വീപാണ് മൺട്രോതുരുത്ത്.
പരമ്പരാഗത മത്സ്യബന്ധനവും കൃഷിയുമാണ് പ്രദേശവാസികളുടെ പ്രധാന ജീവിതോപാധികൾ. അതുകൊണ്ട് തന്നെ ഈ പ്രദേശം പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമാണ്. മൺട്രോതുരുത്ത് റെയിൽവേ സ്റ്റേഷനും ഇതിന് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അക്കാരണത്താൽ തന്നെ റെയിൽവേ അടിസ്ഥാനമാക്കിയുള്ള വിനോദ സഞ്ചാര വികസനത്തിന് വമ്പൻ സാധ്യതകളാണ് ഇവിടെയുള്ളത്.