അധ്യാപകനും വിദ്യാർഥിയും സ്കൂളിൽ ഏറ്റുമുട്ടി; അധ്യാപകനു സസ്പെൻഷൻ
1590781
Thursday, September 11, 2025 6:52 AM IST
കൊല്ലം: കായികാധ്യാപകനും ഹയർസെക്കൻഡറി വിദ്യാർഥിയും സ്കൂളിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ് 3.30 ഓടെ അഞ്ചാലുംമൂട് സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ കോമ്പൗണ്ടിൽ സഹപാഠികൾക്ക് ഒപ്പം നിൽക്കുമ്പോൾ അധ്യാപകൻ എത്തി ക്ലാസിൽ പോകാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിദ്യാർഥി പറയുന്നത്.
താൻ പതുക്കെ നടന്നു പോകുന്നതിനിടെ അധ്യാപകൻ പിന്നിലെത്തി തള്ളിയെന്നും വിദ്യാർഥികളുടെയും മറ്റ് അധ്യാപകരുടെ മുന്നിലിട്ടു താക്കോൽ ഉപയോഗിച്ച് തല്ലിയെന്നുമാണ് വിദ്യാർഥിയുടെ പരാതി. എന്നാൽ ഒരു വിദ്യാർഥിനിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. വിദ്യാർഥിനിയോട് മോശമായി സംസാരിച്ചതു ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ഇക്കാര്യം ചോദ്യം ചെയ്തു. തുടർന്നു പ്രിൻസിപ്പലിനോട് പരാതി പറയാനായി പോയി.
പ്രിൻസിപ്പലിനെ കാണാത്തതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ് അധ്യാപകരോട് കാര്യം പറയുന്നതിനിടെ വിദ്യാർഥി എത്തി അധ്യാപകനോട് കൈ ചൂണ്ടി കയർത്തു സംസാരിച്ചു.
അധ്യാപകൻ കൈതട്ടി മാറ്റിയതോടെ അധ്യാപകനും വിദ്യാർഥിയുമായി കൈയേറ്റം ഉണ്ടായി എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഏറ്റുമുട്ടലിൽ വിദ്യാർഥിയുടെ മൂക്കിന് പരിക്കേറ്റു. അധ്യാപകനും പരിക്കേറ്റിട്ടുണ്ട്.തുടർന്ന് ഇരുവരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥി പിന്നീട് ജില്ലാശുപത്രിയിൽ ചികിത്സതേടി. അധ്യാപകനും വിദ്യാർഥിയും അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
വിദ്യാർഥി ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വിദ്യാർഥിയെയും അന്വേഷണ വിധേയമായി രണ്ടാഴ്ചത്തേക്ക് മാറ്റി നിറുത്തിയിട്ടുണ്ട്.