സൈനികന്റെ മരണം: പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് മാതാവ്
1590561
Wednesday, September 10, 2025 6:31 AM IST
കൊല്ലം: സൈനികന്റെ മരണം ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്നാണെന്ന പരാതിയിൽ പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടു മാതാവ് വിവരാകാശ നിയമ പ്രകാരം അപേക്ഷ നൽകി. മുളവന സാജന് കോട്ടേജില്‍ തോംസണ്‍ തങ്കച്ചന്റെ(32) മരണത്തിലാണ് സ്റ്റേഷനിലെ ദൃശ്യങ്ങൾ കാണണമെന്ന ആവശ്യവുമായി മാതാവ് ഡെയ്സി മോള് അപേക്ഷയുമായി രംഗത്ത് എത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നാണ് തോംസണ്‍ മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ തലയ്ക്ക് പുറകിലേറ്റ ക്ഷതവും ആന്തരികാവയവങ്ങളിലെ നീര്‍കെട്ടുമാണ് മരണകാരണമെന്ന് കണ്ടെത്തി.മുളവന ഫാന്‍സി ഹാളില്‍ വൈറ്റസിന്റെ മകള്‍ വിന്നിയെയാണ് തോംസണ്‍ വിവാഹം ചെയ്തത്. പ്രേമ വിവാഹമായിരുന്നു. 2024 ഓഗസ്റ്റില്‍ മകന് ലീവിന് വന്നതുമുതൽ ഭാര്യ വീട്ടിലായിരുന്നു താമസം. ഈ സമയം ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി.
ഒക്ടോബര്‍ 11ന് രാത്രി 11ന് ഭാര്യ വീട്ടുകാര്‍ കൂട്ടായി മര്‍ദിച്ചു. അന്നേ ദിവസം രാത്രി 11.20ന് പേരയം പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെ കുണ്ടറ പോലീസ് സ്റ്റേഷനില്‍ മകനെതിരേ സ്ത്രീധന പീഡനത്തിന് പരാതി കൊടുത്തു അറസ്റ്റ് ചെയ്യിക്കുകയായിരുന്നെന്ന് ഡെയ്സി പറഞ്ഞു.
കസ്റ്റഡിയിൽ വച്ചു കൊടിയ ലോക്കപ്പ് മര്‍ദനത്തിന് വിധേയമാക്കുകയും ചെയ്തു. അടുത്ത ദിവസം പോലീസ് കോടതിയിൽ ഹാജരാക്കി. പോലീസിന്റെ വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിമാൻഡ് ചെയ്ത് കൊല്ലം സബ് ജയിലിലാക്കി. ഒരു സൈനികനെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടിക്രമങ്ങളും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളും കുണ്ടറ പോലീസ് പാലിച്ചില്ലെന്നു മാതാവ് പറഞ്ഞു.
പോലീസുകാര്‍ മര്‍ദിച്ച കാര്യത്തെപറ്റി കോടതിയില്‍ എന്തെങ്കിലും പറഞ്ഞാല്‍ ജോലി ഇല്ലാതാക്കുമെന്നും കള്ള കേസുകളില്‍ കുടുക്കുമെന്നും പറഞ്ഞു പോലിസുകാർ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു ജാമ്യത്തിലിറങ്ങിയ ഇയാളെ പോലീസ് സഹായിയായ ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ കൊണ്ടു വന്നു.
അവശനിലയിലായിരുന്ന തോംസൺ തുടര്‍ന്നു കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസിന്റെ പീഡനത്തെ തുടര്‍ന്നു നട്ടെല്ലിന്റെ കീഴ്ഭാഗത്തുണ്ടായ മുഴ സര്‍ജറി ചെയ്യാനായി ഡിസംബര്‍ 13ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. 20ന് ഡിസ്ചാര്‍ജായി വീട്ടിലെത്തി. 27ന് രാവിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോലിസിന്റെ കൊടിയ മര്നമാണ് മകന്റെ മരണത്തിനു കാരണമായത്. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയെങ്കിലും കാര്യമായ തുടർ നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് മാതാവ് പറഞ്ഞു.