കൊല്ലത്തെ മത്സ്യത്തൊഴിലാളികളെ വറുതിയിലാക്കാൻ ആസൂത്രിത നീക്കം
1590778
Thursday, September 11, 2025 6:52 AM IST
കൊല്ലം: ജില്ലയിലെ മത്സ്യബന്ധന മേഖലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വറുതിയിലേക്കു തള്ളിയിടാൻ ആസൂത്രിത നീക്കം. തീരപ്രദേശങ്ങളിലെ തദ്ദേശ മത്സ്യത്തൊഴിലാളികളെ മാറ്റിനിർത്തി ഇതരസംസ്ഥാനതൊഴിലാളികളെ ഇറക്കുമതി ചെയ്തു തൊഴിൽനൽകുന്ന പ്രവണത വർധിച്ചിരിക്കുകയാണ്. ഇതോടെ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ലഭ്യത കുറഞ്ഞിരിക്കുകയാണ്.
കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാനെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കു മത്സ്യബന്ധന മേഖലയിൽ ഒരു കൂട്ടർ രാഷ്ട്രീയലാക്കോടെ കൂടുതൽ അവസരങ്ങൾ ഒരുക്കുമ്പോൾ തദ്ദേശീയ തൊഴിലാളികൾ പുറം തള്ളപ്പെടുകയുമാണ്.
വാടി, ശക്തികുളങ്ങര, നീണ്ടകര, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽനിന്നു കടലിൽ പോകുന്നവരിലും അനുബന്ധ തൊഴിലാളികളുടെ എണ്ണത്തിലും ഇതര സംസ്ഥാന തൊഴിലാളികളെ കുത്തി നിറക്കുകയാണ്.
കുറഞ്ഞ കൂലിക്കു കടലിൽ പോകാൻ തയാറാവുന്ന ഇതരസംസ്ഥാനതൊഴിലാളികൾ കൊല്ലത്തെ മൽസ്യബന്ധന മേഖലയിൽ പിടി മുറുക്കുന്നത്തിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകളും ഉണ്ട്. പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളെ ഇറക്കുമതി ചെയ്തുവരുന്നവരാണ് കടലിന്റെ മക്കളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നത്. കൊല്ലം പരപ്പിലെ മൽസ്യ സമ്പത്ത് ലക്ഷ്യം വച്ചെത്തുന്ന അയൽ സംസ്ഥാനത്ത് നിന്നുള്ള ബോട്ടുകളിലെല്ലാം ഇവരാണ് കൂടുതലുള്ളത്.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സി എം എഫ് ആർ ഐ നടത്തി പുറത്തുവിട്ട പഠനവും കണ്ടെത്തലുകളും അടിസ്ഥാന രഹിതവും വസ്തുതകൾക്കു നിരക്കാത്തതുമാണെന്നാണ് മത്സ്യത്തൊഴിലാളികൾ അവകാശപ്പെടുന്നത്. മത്സ്യബന്ധന മേഖലയിലെ മൊത്തം തൊഴിലാളികളിൽ 58 ശതമാനമാണ് ഇതരസംസ്ഥാനതൊഴിലാളികളെന്നാണ് സി എം എഫ് ആർ ഐ പറയുന്നത്.
യുവതലമുറ ഈ തൊഴിൽമേഖലയിലേക്ക് വരുന്നില്ലെന്നത് തെറ്റായ വാദമാണെന്നും മൽസ്യ തൊഴിലാളി സംഘനകൾ പറയുന്നു.സി എം എഫ് ആർ ഐ പഠന വിധേയമാക്കിയ എറണാകുളം ജില്ലയിലെ മുനമ്പത്തെ പോലെ തന്നെ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര തുറമുഖങ്ങളിലും കുറഞ്ഞ കൂലി നൽകി ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കുന്നുണ്ട്.
ഇവിടുത്തെ യന്ത്രവൽകൃത മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളിൽ ഭൂരിപക്ഷവും തമിഴ്നാട്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മത്സ്യ സംസ്കരണ യൂണിറ്റുകളിൽ ആവട്ടെ 65 ശതമാനവും വിപണന മേഖലയിൽ 40 ശതമാനവും തദ്ദേശീയ തൊഴിലാളികളെ വറുതിയിലാക്കും വിധം ഇതര സംസ്ഥാന തൊഴിലാളികൾ കൈയടക്കി. കുറഞ്ഞ കൂലിയുടെ പേരിൽ തദ്ദേശിയരായ കടലിന്റെ മക്കൾ ഒറ്റപ്പെടുകഎന്നതാണ് യാഥാർഥ്യം.മത്സ്യബന്ധന മേഖലയിൽ തദ്ദേശീയ തൊഴിലാളികൾ നിരവധി വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് സ്വന്തം തൊഴിൽ രംഗത്ത് അവർ പുറം തള്ളപ്പെടുന്നത്. കുറഞ്ഞ വരുമാനം, കടബാധ്യത, തൊഴിലില്ലായ്മ, ഉയർന്ന പലിശ നിരക്കുകൾ എന്നിവ ഇവരിൽ പലരുടെയും ജീവിതം ദുർഘടാവസ്ഥയിലാക്കിയിരിക്കെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം എന്നതാണ് ശ്രദ്ധേയം.
നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മിനിമം വേതന ഘടന പരിഷ്കരിക്കുക, തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുക, സാമൂഹിക സുരക്ഷാ പദ്ധതികൾ വിപുലീകരിക്കുക, തൊഴിലാളി സംഘടനകളെ ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികൾ ആണ് ഇതിനു പരിഹാരമായി ആവശ്യം.
മത്സ്യതൊഴിലാളികൾ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളിൽ ഉയർന്നുവരുന്നത് സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെ അഭാവം തന്നെയാണ്. നിലവിലെ സാമൂഹിക സുരക്ഷാ നിയമങ്ങൾ പലപ്പോഴും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ബാധകമാകാറില്ല. ഇത് രോഗം, വൈകല്യം, വാർധക്യം, തൊഴിലില്ലായ്മ എന്നിവ പോലുള്ള പ്രശ്നങ്ങളിൽ അവർക്ക് പരിരക്ഷ നൽകുന്നില്ല .
കടബാധ്യതയും ഉയർന്ന പലിശനിരക്കും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിത പൂർണമാക്കി അവരെ കടക്കെണികളിലേക്ക് എത്തിച്ചിരിക്കുന്നു.
അജി വള്ളിക്കീഴ്