കോവിഡിന് ശേഷം കൊല്ലം സിറ്റിയിൽ 2404 പേർ ആത്മഹത്യ ചെയ്തു: കിരൺ നാരായണൻ
1591059
Friday, September 12, 2025 6:00 AM IST
കൊല്ലം: കോവിഡിന് ശേഷം കൊല്ലം സിറ്റിയിൽ 2404 പേർ ആത്മഹത്യ ചെയ്തെന്ന് ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ. ആത്മഹത്യ ചെയ്തവരിൽ 35 പേർ ആൺകുട്ടികളും 41 പേർ പെൺകുട്ടികളുമാണ്. വർധിച്ച് വരുന്ന കുട്ടികളുടെ ആത്മഹത്യ പ്രവണതയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സിറ്റി പോലീസ് വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കുമായി നടത്തിയ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കിരൺ നാരായണൻ.
നിരന്തരമായ ടെലിവിഷൻ, മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവയുടെ അമിത ഉപയോഗവും, കർട്ടൂൺ പരിപാടികളും കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുന്നുവെന്നും പക്ഷികൾ പോലും നിരന്തരം ഇത്തരം പരിപാടികൾ കണ്ടാൽ അവരും ഇതിന് അടിമകളാകുന്നുവെന്നും പഠനങ്ങൾ തെളിയിക്കുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഒരു നിമിഷത്തെ ദൗർബല്യമാണ് ഒരു ജീവനെടുക്കുന്നത്. ആത്മഹത്യയെ ഒരു വ്യക്തിയുടെ മാത്രം പ്രശ്നമായി കാണരുത്. അതിനെ തടയാൻ സമൂഹത്തിന് ഒന്നടങ്കം ഉത്തരവാദിത്തമുണ്ട്. ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ഇക്കാര്യത്തിൽ കുട്ടികളിൽ മാനസികാരോഗ്യം വളർത്തിയെടുക്കാൻ ശ്രമിക്കുകയുമാണ് വേണ്ടതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലോക ആത്മഹത്യ പ്രതിരോധ ദിനത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസാണ് സെമിനാർ സംഘടിപ്പിച്ചത്.
കൊല്ലം പോലീസ് ക്ലബിൽ നടന്ന സെമിനാറിൽ കൊല്ലം സിറ്റി പോലീസ് പരിധിയിലെ സ്കൂളുകളിലെ അധ്യാപക - രക്ഷകർതൃ - ഭാരവാഹികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. സ്പെഷൽ ബ്രാഞ്ച് എസിപി എ.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ എസ് പി അഞ്ജലി ഭാവന, എ സിപിമാരായ എ.നസീർ, അലക്സാണ്ടർ തങ്കച്ചൻ, മെറിൻ സോളമൻ എന്നിവർ പ്രസംഗിച്ചു.
മെറിൻ സോളമൻ വിദ്യാർഥികളിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതയ്ക്കുള്ള കാരണങ്ങളും അതിനുള്ള പ്രതിവിധികളും എന്ന് വിഷയത്തിൽ ക്ലാസ് നയിച്ചു.