പാലരുവി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
1590552
Wednesday, September 10, 2025 6:24 AM IST
അനിൽ പന്തപ്ലാവ്
പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ ആര്യങ്കാവിലെ പാലരുവി വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. പശ്ചിമഘട്ടത്തിലെ രാജാകൂപ്പ്, കരിനാൽപത്തിയേഴ്, മഞ്ഞത്തേരി , വിളക്കുമരം എന്നീ നിബിഡവനമേഖലകളിലൂടെ ഒഴുകിയെത്തുന്ന കാട്ടുചോലകൾ സംഗമിച്ചു വൻപാറ കൂട്ടങ്ങൾക്കു മുകളിലൂടെ ഒഴുകിയിറങ്ങുന്ന അപൂർവ സുന്ദരദൃശ്യങ്ങളാണ് ഇവിടെ എത്തിയാൽ കാണാൻ കഴിയുക. പ്രകൃതിയുടെ വന്യശോഭയും കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും സഞ്ചാരികൾക്കു വിസ്മയ കാഴ്ച സമ്മാനിക്കും.
ഇതിനു പുറമേ ജലപാതത്തിനു സമീപം തിരുവിതാംകൂർ രാജാക്കന്മാർ നിർമിച്ച കൽമണ്ഡപവും കുതിരാലായങ്ങളുടെ അവശിഷ്ടങ്ങളും കാണാം.കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ ആര്യങ്കാവിൽനിന്നു നാലു കിലോമീറ്റർ വനപാതയിൽ സഞ്ചരിച്ചാൽ മനോഹരമായ ഈ ജലപാതത്തിൽ എത്താം.
ആര്യങ്കാവ് ജംഗ്ഷനിൽനിന്ന് വാഹനങ്ങളിലോ, നടന്നോ ടിക്കറ്റ് കൗണ്ടറിൽ എത്താം. ഇവിടെ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കോ ടൂറിസത്തിന്റെ അഞ്ച് വാഹനങ്ങളാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. 40 സീറ്റുകളുള്ള മൂന്ന് വണ്ടികളും 25 സീറ്റുകൾ ഉള്ള രണ്ടു വാഹനങ്ങളുമാണ് ഉള്ളത്. എന്നാൽ തിരക്ക് ഏറിയതോടെ കെ.എസ്ആർടിസിയുടെ ഒരു ബസ് കൂടി വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുന്നുണ്ട്.
ജലപാതത്തിലേക്ക് ഈ വാഹനങ്ങളിൽ മാത്രമേ പോകാൻ കഴിയൂ. ഒരാൾക്ക് 70 രൂപയാണ് ഇവിടേയ്ക്ക് പോകാൻ ഈടാക്കുന്നത്. പുറത്തു നിന്നുള്ള വാഹനങ്ങൾ ടിക്കറ്റ് കൗണ്ടറിനു സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യുവാൻ ഇരുചക്രവാഹനത്തിന് -25 രൂപ, കാർ/ ജീപ്പ് - 60 രൂപ, മിനി ബസ് - 150 രൂപ, ബസ് - 200 രൂപ എന്നതാണ് നിരക്ക്.
വാഹനങ്ങളിൽ വെള്ളച്ചാട്ടത്തിനു സമീപമെത്തിയാൽ ഒറ്റയടിപാതയിലൂടെ ജലപാതത്തിൽ എത്താം. യാത്രാ വഴിയിൽ ലഘുഭക്ഷണവും പാനീയങ്ങളും വില കൊടുത്ത് വാങ്ങി കഴിക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്.എന്നാൽ ജലപാതത്തിൽ നീരൊഴുക്ക് ശക്തമാകുമ്പോൾ ഇതിനുസമീപത്ത് കുളിക്കുവാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ചില നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
യാത്രാ വഴികളിൽ അപകടകരമായി നിന്നിരുന്ന വൃക്ഷങ്ങൾ മുറിച്ചു മാറ്റി തുടങ്ങിയിട്ടുണ്ട്. ജലപാതം വനo വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇവിടെ ജലപാതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ളത്. ദേശീയരായ 50 ഓളം വരുന്ന വന സംരക്ഷണ സമിതി അംഗങ്ങളാണ് സുരക്ഷാ കാര്യങ്ങളും മറ്റ് ജോലികളും നോക്കി നടത്തുന്നത്.
ഇതിന് സമീപമായി പ്രസിദ്ധമായ ആര്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.പുനലൂരിൽ നിന്നും ആര്യങ്കാവിലേയ്ക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. ഓരോ ദിവസവും ആയിരത്തിലധികം സഞ്ചാരികൾ ഇവിടം സന്ദർശിച്ച് മടങ്ങുന്നു. ഏറെയും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. ഓണം കഴിഞ്ഞിട്ടും ഇവിടെ തിരക്ക് കുറഞ്ഞിട്ടില്ല.