അമ്മമാരുടെ വേറിട്ട ചിത്ര പ്രദർശനം കൊല്ലത്ത്
1590767
Thursday, September 11, 2025 6:46 AM IST
കൊല്ലം: നൂലും വരയും കൊണ്ട് രണ്ട് അമ്മമാർ കൊല്ലം നഗരത്തിൽ കലയുടെ ദൃശ്യവിരുന്നൊരുക്കുന്നു. ഒരാൾ വീട്ടമ്മയും മറ്റേയാൾ ടീച്ചറമ്മയും. കോളജ് റിട്ട പ്രഫ. ശാന്തകുമാരി ടീച്ചറും വീട്ടമ്മയായ ഉമാ റാണി ഷണ്മുഖവുമാണ് കലാകാരികൾ. കൊല്ലത്തെ കലാസ്വാദകർക്ക് അവർ വേറിട്ട ദൃശ്യ വിരുന്നൊരുക്കുകയാണ്. കൊല്ലം ടൗണിലെ ഷൺമുഖം സ്റ്റുഡിയോ ഉടമ പരേതനായ രവി സുന്ദറിന്റെ ഭാര്യയാണ് ഉമാറാണി.
സ്കൂൾ പഠന കാലത്ത് പരിശീലിച്ച ചിത്ര തുന്നൽ അവർ ഒരിക്കലും ഉപേക്ഷിച്ചില്ല. ദീർഘനാളുകളുടെ സൂക്ഷ്മതയും ശ്രദ്ധയും കൊണ്ട് മാത്രം പൂർത്തിയാക്കാൻ കഴിയുന്ന ചിത്ര തുന്നൽ ക്രോസ് സ്റ്റിച്ച് സങ്കേതത്തിൽ 30-40 ഇഞ്ച് വലിപ്പത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് തുടങ്ങി പല ഭാഷകളിൽ തുന്നിയെടുത്ത ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും ഇരുപതിലധികം പാറ്റേണുകളും ഡിസൈനുകളും പ്രദർശിപ്പിക്കുന്നു.
കൊല്ലം ആശ്രാമം എട്ട് പോയിന്റ് ആർട്ട് കഫേയിൽ 13 നു രാവിലെ 11ന് ചലച്ചിത്ര സംവിധായകൻ അനിൽ മുഖത്തല, ശാന്തകുമാരി ടീച്ചർ വരച്ച തങ്ങൾ കുഞ്ഞ് മുസലിയാരുടെ പോർട്രെയിറ്റ് മുഖ്യാതിഥിയായ ടികെഎം. ട്രസ്റ്റ് ട്രഷറർ ജലാലുദീൻ മുസലിയാർക്ക് നൽകി പ്രദർശനം ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം ഞായറാഴ്ച സമാപിക്കും. രാവിലെ 11 മുതൽ രാത്രി ഏഴുവരെയാണ് പ്രദർശനം.