കൊല്ലം – ഈറോഡ് എക്സ്പ്രസ് താമസിയാതെ യാഥാർഥ്യമാകും :കൊടിക്കുന്നിൽ സുരേഷ് എംപി
1590770
Thursday, September 11, 2025 6:51 AM IST
കൊല്ലം: കേരളത്തിലെ തെക്കൻ മേഖലയിൽ നിന്നുള്ള ദീർഘദൂര യാത്രക്കാരുടെ ചിരകാലാവശ്യമായ കൊല്ലം – ഈറോഡ് എക്സ്പ്രസ് താമസിയാതെ സർവീസ് ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ആവശ്യം നിറവേറ്റുന്നതിൽ തന്റെ നിരന്തര ഇടപെടലുകളും പരിശ്രമങ്ങളും മൂലം ദക്ഷിണ റെയിൽവേ ഇതിനായി അനുകൂലമായ തീരുമാനം എടുത്തതായി എം പി അറിയിച്ചു.
പുതിയ ട്രെയിൻ കൊല്ലം, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെങ്കാശി, വിരുദുനഗർ, മധുരൈ, ഡിണ്ടിക്കൽ, പളനി, പൊള്ളാച്ചി, കോയമ്പത്തൂർ വഴി ഈറോഡിൽ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ കോയമ്പത്തൂരിൽ അവസാനിപ്പിക്കണമെന്ന പൊതുവായ ആവശ്യത്തിനും ചരിത്രപരമായ ബന്ധത്തിനും വഴിമുടക്കിയത് നിലവിലുള്ള പ്ലാറ്റ്ഫോം സൗകര്യങ്ങളാണ്. ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സർവീസ് ഇപ്പോൾ ഈറോഡിൽ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊല്ലം, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ മേഖലകളിൽ നിന്നുള്ള യാത്രക്കാർക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, തീർഥാടനം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസേന തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. മധുരൈ, പളനി, കോയമ്പത്തൂർ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന ഈ യാത്രക്കാരുടെ ദീർഘകാല പ്രതിസന്ധിക്ക് പരിഹാരമായാണ് പുതിയ സർവീസ് .കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള തൊഴിലധിഷ്ഠിത, വിദ്യാഭ്യാസ, ആരോഗ്യ, തീർഥാടന, നിറവേറ്റുന്നതിന് കൊല്ലം – ഈറോഡ് എക്സ്പ്രസ് വലിയ ഗുണം ചെയ്യുമെന്നും എംപി പറഞ്ഞു.