പുനലൂർ വാർഡിന്റെ അതിർത്തി നിര്‍ണയിക്കുന്നതിൽ ഇടപെട്ടിട്ടില്ല: ചെയർപേഴ്സൺ പുഷ്പലത
1591065
Friday, September 12, 2025 6:00 AM IST
പുനലൂർ : വാര്‍ഡിന്റെ അതിർത്തി നിര്‍ണയിക്കുന്നതിലോ മറ്റു കാര്യങ്ങളിലോ നഗരസഭ അധ്യക്ഷ എന്ന നിലയില്‍ ഞാനോ ഭരണസമിതിയിലെ മറ്റ് അംഗങ്ങളോ ഇടപെട്ടിട്ടില്ലെന്നു പുനലൂർ നഗരസഭാ ചെയർപേഴ്സൺ പുഷ്പലത അറിയിച്ചു.
പുനലൂര്‍ നഗരസഭയില്‍ 35 വാര്ഡുകളായിരുന്നതു 36 വാര്‍ഡായി മാറി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൂർണ ചുമതല ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറായ മുനിസിപ്പല്‍ സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമാണ്. അവരുടെ കൃത്യനിര്‍വഹണത്തില്‍ ഒരിക്കല്‍ പോലും തടസവാദങ്ങളുമായി ഞങ്ങള്‍ പോയിട്ടില്ല.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും അഭിപ്രായങ്ങള്‍ കേട്ടു. ആക്ഷേപങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അപാകതകള്‍ പരിഹരിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചു.
വോട്ട് ചേര്‍ക്കുന്നതും ഒഴിവാക്കുന്നതുമടക്കമുള്ള മുഴുവന്‍ പ്രവൃത്തികളും ഓണ്‍ലൈന്‍ മുഖേനയാണ്. അവസാന ദിവസങ്ങളിലെ സോഫ്റ്റ് വെയര്‍ തകരാര്‍ മൂലം ബള്‍ക് ട്രാന്‍സ്പൊസിഷന്‍ നടക്കാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതു തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുള്ളതുമാണ്. ഇത്തരത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ചിട്ടയായതും കൃത്യവുമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത് എന്നാണ് മനസിലാക്കുന്നത്.
എന്നാല്‍ സെപ്റ്റംബര്‍ രണ്ടിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഓരോ തടസവാദങ്ങള്‍ ഉന്നയിച്ചു പരാജയഭീതി മറയ്ക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. യാതൊരുവിധ പരാതിയും രേഖാമൂലം നല്‍കാതെ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇവരുടെ ശ്രമം.
പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വോട്ടുകള്‍ ചേര്‍ക്കുന്നുവെന്നു പരാതിപ്പെടുകയാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം വസ്തുത അറിയാതെയാണ് ഇക്കാര്യം പറയുന്നത് .
അടിസ്ഥാനമില്ലാത്ത കാര്യങ്ങളില്‍ ആക്ഷേപം ഉന്നയിച്ചു ഭരണപക്ഷത്തെ താറടിച്ചു കാണിക്കുകയും അതേ സമയം വ്യാജരേഖകള്‍ ഉണ്ടാക്കി വോട്ട് ചേര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തവരുടെ ഇരട്ടത്താപ്പ് അനുവദിച്ചു കൊടുക്കില്ല. ശക്തമായ നിയമനടപടികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് പോകുമെന്ന് ചെയർ പേഴ്സൺ പുഷ്പലത അറിയിച്ചു.