ഹരിതകർമ സേനയ്ക്ക് വാഹനം നൽകി കെഎംഎംഎല്‍
1591067
Friday, September 12, 2025 6:07 AM IST
ചവറ : ഹരിത കര്‍മ സേന പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ ഒന്നാം സ്ഥാനക്കാരും സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാരുമായ പന്മന പഞ്ചായത്തിലെ ഹരിത കര്‍മ സേനയ്ക്ക് കരുത്തേകാന്‍ കൈത്താങ്ങുമായി പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെഎംഎംഎല്‍ പഞ്ചായത്ത് പരിധിയിലെ മെറ്റീരിയല്‍ കളക്ഷനായി 8.5 ലക്ഷം രൂപ ചെലവില്‍ പുതിയ വാഹനം വാങ്ങി നല്കി. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മം സുജിത് വിജയന്‍പിള്ള എംഎൽഎ നിര്‍വഹിച്ചു.
കെഎംഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ പി. പ്രദീപ്കുമാര്‍ വാഹനത്തിന്റെ താക്കോല്‍ പന്മന പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലയ്ക്ക് കൈമാറി. പന്മന പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യ - പാഴ് വസ്തു ശേഖരണത്തിന് ഇത് ഉപകരിക്കും.
ഇത്രയും നാള് വാഹനം വാടകക്കെടുത്താണ് ഹരിതകര്‍മ സേന പ്രവര്‍ത്തിച്ചത്. പുതിയ വാഹനം ലഭ്യമായതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് പന്മന പഞ്ചായത്ത്.
പഞ്ചായത്തിലെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന മാലിന്യ മുക്ത നവകേരളം എന്ന ആശയത്തിന് ശക്തിപകരുന്നതാണ് കെഎംഎംഎല്‍ നടപടി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി. സുധീഷ്കുമാര്‍, എസ്. സോമന് , കെഎംഎംഎല്‍ എച്ച്ആര്‍ യൂണിറ്റ് ഹെഡും സിഎസ്ആര്‍ കമ്മിറ്റി കണ്‍വീനറുമായ എം.യു വിജയകുമാര്‍, പിആന്‍ഡ്എ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് എ.എം.സിയാദ്, പിആര്‍ഒ പി.കെ. ഷബീര്‍, പന്മന പഞ്ചായത്ത് സെക്രട്ടറി ചെറിയാന് ഫിലിപ്,
യൂണിയന് നേതാക്കളായ വി.സി .രതീഷ്കുമാര്‍, ആര് .ശ്രീജിത്, എസ്. സനല്‍, ജെ. മനോജ്മോന്‍, എഫ്. ജോയ്, മുന്‍ പഞ്ചായത്ത് പ്രപസിഡന്റ് ജയചിത്ര, വാര്‍ഡ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.