ഏറ്റവും വലിയ അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം; വണ്ടർ ഫാൾസിന് ലോക റിക്കാർഡ്
1590786
Thursday, September 11, 2025 6:52 AM IST
കൊല്ലം : ലോകത്തിലെ ഏറ്റവും വലിയ അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം സൃഷ്ടിച്ചതിനുള്ള ലോക റിക്കാർഡ് വണ്ടർഫാൾസിന്. കൊല്ലം ആശ്രാമം മൈതാനത്ത് 60 അടി ഉയരവും 164 അടി വീതിയുമുള്ള അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം സൃഷ്ടിച്ചതിനാണ് യുആർഎഫ് (യൂണിവേഴ്സൽ റിക്കാർഡ് ഫോറം) 2025 ലോക റിക്കാർഡിനു വണ്ടർഫാൾസ് അർഹമായിരിക്കുന്നത്.
അപ്രത്യക്ഷമാകുന്ന ഈ വെള്ളച്ചാട്ടത്തിന് 1.5 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയും 300 ടൺ മൊത്തത്തിലുള്ള ഘടനാപരമായ ഭാരവുമുണ്ട്. ഈ അതിശയകരമായ നിർമ്മിതി ഒരേസമയം സർഗാത്മകതയുടെയും എൻജിനീയറിംഗിന്റെയും മികവ് സംഗമിക്കുന്ന അദ്ഭുതമാണ്.
ആർ. ശ്യാംകുമാറും മറ്റു സാങ്കേതിക വിദഗ്ദ്ധരും ചേർന്നു സൃഷ്ടിച്ച ഈ പദ്ധതി, 630 ൽ അധികം മണിക്കൂറുകൾ കൊണ്ട് 100 തൊഴിലാളികളുടെ സമർപ്പിത പരിശ്രമത്തിലൂടെയാണ് പൂർത്തീകരിച്ചത്.
ലോക റിക്കാർഡിന് ഇക്കാര്യങ്ങളാണ് പരിഗണിച്ചതെന്ന് യു ആർ എഫ് അധികൃതർ അറിയിച്ചു. ഇന്നേവരെ കൊല്ലം കണ്ടിട്ടില്ലാത്തത്ര ജനസാഗരം സൃഷ്ടിച്ചുകൊണ്ടാണ് അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം മുന്നേറുന്നത്. 30 വരെ പ്രദർശനം ഉണ്ടായിരിക്കും.