പരവൂർ ഒല്ലാൽ റെയിൽവേ മേൽപ്പാലം നിർമാണത്തിന് അനുമതി
1590547
Wednesday, September 10, 2025 6:24 AM IST
പരവൂർ : പരവൂർ ഒല്ലാൽ റെയിൽവെ ലെവൽക്രോസിൽ മേൽപ്പാലം നിർമാണത്തിനായുള്ള പുതുക്കിയ അലൈൻമെന്റ ിന് റെയിൽവെ അംഗീകാരം നൽകിയതായി ജി.എസ്.ജയലാൽ എംഎൽഎ അറിയിച്ചു.
ഒല്ലാൽ മേൽപ്പാലത്തിനായുള്ള ഡ്രോയിംഗിൽ പലതവണ റെയിൽവെ തിരുത്തലുകൾ വരുത്തിയിരുന്നു. തുടർന്ന് റെയിൽവെ നൂതനമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ അലൈൻമെന്റ് ഡ്രോയിംഗ് ആർബിഡിസികെ തയാറാക്കി സമർപ്പിച്ചത്. പ്രസ്തുത ജിഎഡിയ്ക്കാണ് ഇപ്പോൾ റെയിൽവെ അംഗീകാരം നൽകിയത്. ഇതോടെ ഇനി മേൽപ്പാലം നിർമാണത്തിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കാൻ കഴിയും.
ആദ്യപടിയായി ഇതിനു സ്ഥലമേറ്റെടുക്കൽ രൂപരേഖ തയാറാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചിട്ടുണ്ട്. ഈ ആഴ്ചതന്നെ ക്വട്ടേഷൻ നടപടികൾ പൂർത്തിയാക്കി മുപ്പത് ദിവസത്തിനകം സ്ഥലമേറ്റെടുപ്പ് രൂപരേഖ തയാറാക്കും. തുടർന്നാണ് സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കുക.പരവൂർ ഒല്ലാൽ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കുക എന്നത് ജനങ്ങളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമായിരുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രസ്തുത പ്രവൃത്തി ബഡ്ജറ്റിലുൾപ്പെടുത്തി കിഫ്ബി വഴി 36.75 കോടി രൂപ അനുവദിച്ചിരുന്നു. റോഡ്സ് ആന്ഡ് ബ്രിഡ്ജസ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിനാണ് നിർവഹണ ചുമതല നൽകിയത്.
നിർവഹണ ഏജൻസിയായ ആർബിഡിസികെ വിശദമായ ഡിപിആർ തയാറാക്കി സമർപ്പിച്ചെങ്കിലും ഒല്ലാൽ മേൽപ്പാലം നിർമാണം റെയിൽവേ അവരുടെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്താത്തതിനാൽ തുടർപ്രവർത്തനങ്ങൾ നടന്നില്ല.
നിയമസഭയിൽ സബ്മിഷനടക്കം അവതരിപ്പിച്ചു കൊണ്ട് ജി.എസ്. ജയലാൽ എംഎൽഎ നടത്തിയ നീക്കമാണ് വകുപ്പ് മന്ത്രി ഈ വിഷയത്തിൽ ഇടപെടാൻ കാരണമാകുന്നത്.
ഒല്ലാൽ റെയിൽവേ മേൽപ്പാലം നിർമാണം റെയിൽവേയുടെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയേയും ആർബിഡിസികെ എംഡിയേയും ചുമതലപ്പെടുത്തുകയായിരുന്നു.
ഇത് യാഥാർഥ്യമായതോടെയാണ് ജനറൽ അലൈൻമെന്റ് ഡ്രോയിംഗ് തയാറാക്കുന്നതിന് ആർബി ഡിസി കെയ്ക്ക് അനുമതി നൽകുന്നത്.
സ്ഥലമേറ്റെടുക്കൽ നടപടി ഉടൻ പൂർത്തിയായാൽ പാലം പണി ആരംഭിക്കാൻ കഴിയുമെന്ന് ജി.എസ്. ജയലാൽ എംഎൽഎ അറിയിച്ചു.