ഇടമുളക്കല്‍ സര്‍ക്കാര്‍ ജവഹര്‍ സ്കൂളിൽ കുട്ടികൾക്ക് മഞ്ഞപ്പിത്തം; സ്കൂള്‍ താത്ക്കാലികമായി അടച്ചു
1590783
Thursday, September 11, 2025 6:52 AM IST
അഞ്ചല്‍ : ഇടമുളക്കല്‍ സര്‍ക്കാര്‍ ജവഹര്‍ ഹൈസ്കൂളിലെ പതിനേഴോളം കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിലര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ചിലര്‍ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും ചികില്‍സ തേടി. ഈമാസം ഒന്നാം തീയതി ഒരു കുട്ടിക്ക് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാലാം തീയതോയോടെ മറ്റ് നാലുകൂട്ടികള്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് കൂടുതല്‍ കുട്ടികളെ പരിശോധന നടത്താന്‍ തീരുമാനിച്ചത്. അതേസമയം ഇത്രയധികം കുട്ടികളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നു സ്കൂള്‍ താത്ക്കാലികമായി അടച്ചു. പ്രതിരോധ നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ചയോടെ സ്കൂള്‍ തുറക്കാനാണ് അധികൃതരുടെ നീക്കം.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്കൂളിലെ വെള്ളം ശേഖരിച്ച് പരിശോധനക്കായി അയച്ചിരുന്നു. വെള്ളത്തില്‍ രോഗം പടരുവിധം യാതൊന്നും കണ്ടെത്തിയിട്ടില്ലന്നു സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പുറത്തുനിന്നുമാകാം അസുഖം പിടിപെട്ടതെന്ന നിഗമനത്തിലാണ് അധികൃതര്‍. കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടു അതാത് പ്രദേശങ്ങളിലെ കുടിവെള്ളം ഉള്‍പ്പടെ പരിശോധിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
മുതിര്‍ന്നവരിലും മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും ആരുടേയും നില ഗുരുതരമല്ലന്നും അധികൃതര്‍ പറയുന്നു. സ്കൂളിലെ കിണറും പരിസരവും വൃത്തിയാക്കിയിട്ടുണ്ട്. ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ച ശേഷമേ സ്കൂള്‍ തുറക്കുവെന്ന് ഹെഡ്മാസ്റ്റർ ബിനു രാജ് അറിയിച്ചു.