എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കം പാതിവഴിയിൽ നിലച്ചു
1591313
Saturday, September 13, 2025 6:18 AM IST
കൊല്ലം: നഗരം ശുചിത്വമുള്ളതാക്കാൻ വിഭാവനം ചെയ്ത യന്ത്രവൽകൃത എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് നഗരസഭയുടെ ഒരിക്കലും പൂർത്തിയാകാത്ത ആധുനിക അറവുശാല പോലെയായി.
പോളയത്തോട് വിശ്രാന്തിക്ക് സമീപം കോർപറേഷന്റെ മെക്കനൈസ്ഡ് എയ്റോബിക് കംപോസ്റ്റ് യൂണിറ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
കരാർ എടുത്ത സ്വകാര്യ ഏജൻസിയുടെ അലംഭാവമാണ് പ്രൊജക്ട് പൂർത്തിയാക്കുന്നതിനു തടസമായിരിക്കുന്നത്. പോർട്ടബിൾ കണ്ടെയ്നറോടുകൂടിയ കംപോസ്റ്റിംഗ് യൂണിറ്റാണ് സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി റോഡ് സൈഡിൽ നിർമാണം ആരംഭിച്ച ഷീറ്റിട്ട യൂണിറ്റ് പോലും പൂർത്തിയാക്കിയിട്ടില്ല.
മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ നിർമാണം മഴയെ തുടർന്ന് നിറുത്തി വെക്കുകയായിരുന്നു എന്നാണ് കരാർ എടുത്ത ഏജൻസി അവകാശപ്പെടുന്നത്. പാതി എത്തിയ നിർമാണം ഇപ്പോൾ കാട് മൂടി കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.
വീടുകൾ, ആശുപത്രികൾ, ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നെല്ലാം ജൈവമാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ചാണ് യൂണിറ്റിൽ ശേഖരിക്കാൻ ലക്ഷ്യമിട്ടിരുന്നത്.
നേരിട്ട് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീടുകളിൽ ഉൾപ്പെടെ എത്തി മാലിന്യം ശേഖരിക്കാനും ലക്ഷ്യം വെച്ചിരുന്നു. പദ്ധതിയിലൂടെ ജൈവമാലിന്യ സംസ്കരണം കൂടുതൽ വേഗത്തിലും ശാസ്ത്രീയമായും നിർവഹിക്കാനാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
മാലിന്യ സംസ്കരണത്തിനായി എട്ടര അടി നീളവും രണ്ടടി വീതിയും നാലടി ഉയരവും ഉള്ള യന്ത്രം, ചുറ്റും മറച്ച ശീതീകരിച്ച പോർട്ടബിൾ കണ്ടെയ്നർ കാബിനുകൾ, മാലിന്യ ശേഖരണത്തിന് രണ്ട് ഓട്ടോറിക്ഷകൾ, 24 മണിക്കൂർ പ്രവർത്തനം, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാർ, സുരക്ഷ ക്യാമറ, അലാറം എന്നിവ പ്രോജക്ടിനായി സജമാക്കുമെന്നായിരുന്നു കോർപറേഷൻ പറഞ്ഞിരുന്നത്. എന്നാൽ ഇതെല്ലാം എങ്ങും എങ്ങും എത്താത്ത അവസ്ഥയിലാണിപ്പോൾ.