തമിഴ്നാട് വിദഗ്ധ സംഘം കൊട്ടാരക്കര നഗരസഭ സന്ദർശിച്ചു
1591312
Saturday, September 13, 2025 6:18 AM IST
കൊട്ടാരക്കര : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പഠിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നും 20 അംഗസംഘം കൊട്ടാരക്കര നഗരസഭ സന്ദർശിച്ചു. തമിഴ്നാട്ടിലെ തന്നാച്ചി എന്ന എൻജിഒ സംഘമാണ് എത്തിയത്. തമിഴ്നാട് സർക്കാരിനുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും പ്രവർത്തനം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്ന സംഘമാണ് ഇത് .
കിലയുടെ മേൽനോട്ടത്തിലാണ് പഠനത്തിനായുള്ള എകോപനം നടത്തുന്നത്. ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നത് കേരളമാണ്. അതിനാലാണ് കേരളത്തെ തെരഞ്ഞെടുത്തതെന്ന് പ്രതിനിധികൾ പറഞ്ഞു.
കേരളത്തിലെ നഗരസഭകളുടെ പഠനത്തിനായി കൊട്ടാരക്കര നഗരസഭയാണ് ഇവർ തെരഞ്ഞെടുത്തത് . ശരവണനാണ് തന്നാച്ചിയുടെ കോ ഓർഡിനേറ്റർ. മൂന്ന് ദിവസത്തെ സന്ദർശന പഠനത്തിനാണ് അവർ കേരളത്തിൽ എത്തിയത്.
പഞ്ചായത്ത് രാജ് അസിസ്റ്റന്റ്പ്രഫ.ഡോ. പീറ്റർ എം രാജ് ,കില സ്റ്റേറ്റ് ട്രെയിനിങ് കോഡിനേറ്റർ ദിലീപ് കുമാർ എന്നിവർക്കൊപ്പമാണ് തമിഴ്നാട് സംഘം പഠനത്തിനായി എത്തിയത് . നഗരസഭ ചെയർമാൻ അഡ്വ.കെ. ഉണ്ണികൃഷ്ണമേനോൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ , നഗരസഭ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.