ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഇനി സംസ്ഥാനതലത്തിലേക്ക്: പി.കെ. ഗോപൻ
1591310
Saturday, September 13, 2025 6:18 AM IST
കൊല്ലം: ആതുരസേവനത്തിന് വരുമാനംകൂടി ഉറപ്പാക്കിയുള്ള പരിശീലനം നല്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഇനി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്.
മാലാഖകൂട്ടം മാതൃകാപദ്ധതിയുടെ തുടര്‍ച്ച കേരളമാകെ വ്യാപിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്ക്കുള്ള പദ്ധതിനിര്‍വഹണം സംബന്ധിച്ച മാര്‍ഗരേഖയില്‍ ഇത് ഉൾപ്പെടുത്തിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ആതുരസേവനരംഗത്ത് മികച്ച പ്രഫഷണലുകളെ സൃഷ്ടിക്കാനും വിദേശത്തും സ്വദേശത്തും ലഭ്യമായ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. പട്ടികജാതി, പൊതുവിഭാഗത്തില്‍പെട്ട നഴ്സിംഗ് ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റൈപന്റോടെ അപ്രന്റിഷിപ്പിന് സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്.
പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ ബി എസ് സി നഴ്സിംഗ്, ജനറല്‍നഴ്സിംഗ് യോഗ്യതയുള്ള കേരള നഴ്സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കായാണ് ഇതിന്റെ തുടക്കം.
ജനറല്‍ നഴ്സിംഗ് പാസായവര്‍ക്ക് പ്രതിമാസം 12,500 രൂപയും ബി എസ് സി നഴ്സിംഗ് പാസായവര്‍ക്ക് 15,000 രൂപയുമായിരുന്നു സ്റ്റൈപന്റ്. പാരിപ്പള്ളി മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള് തുടങ്ങിയ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കൂടുതല്‍ നഴ്സുമാരുടെ സേവനം ഉറപ്പാക്കാനും ഇത് വഴി കഴിഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതിനിര്‍വഹണം.
82 ലക്ഷം രൂപ വകയിരുത്തി പൊതുവിഭാഗത്തില്‍പ്പെട്ട 100 നഴ്സുമാര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേന നിയമനം നല്കി.ഈ വര്‍ഷം 50 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിട്ടുണ്ട്. പുതിയ ബാച്ചിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ നിയമനം 15നകം പൂര്‍ത്തിയാകും. നടപ്പ് സാമ്പത്തിക വര്‍ഷവും പൊതുവിഭാഗത്തിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.