ബന്തിപ്പൂവ് കൃഷിയിൽ വിജയഗാഥയുമായി മലർവാടി ഗ്രൂപ്പ്
1591318
Saturday, September 13, 2025 6:18 AM IST
അനിൽ പന്തപ്ലാവ്
പുനലൂർ: പൂക്കളുടെ വസന്തകാലമൊരുക്കി കരവാളൂരിലെ മലർവാടി ഗ്രൂപ്പ് അംഗങ്ങൾ. പൂക്കൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോൾ മലയാളികൾക്കിടയിൽ വ്യത്യസ്തമായി മാറുകയാണ് മാത്രയിലുള്ള മലർവാടി ഗ്രൂപ്പ്. പാട്ടത്തിനെടുത്ത അര ഏക്കർ ഭൂമിയിൽ കഴിഞ്ഞ വർഷം ബന്തിപ്പൂവ് കൃഷിയിറക്കി വിജയം വരിച്ച ചരിത്രമാണ് ഇവർക്കുള്ളത്.
അഞ്ചൽ ബ്ലോക്ക് ഓഫീസിൽ നിന്നും ലഭിച്ച മൂവായിര ത്തോളം വരുന്ന ബന്തിച്ചെടികളാണ് ഇപ്പോൾ പൂവിട്ട് വില്പനയ്ക്ക് തയാറായി നിൽക്കുന്നത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ വലിപ്പമേറിയ പൂവാണ് ഈ കൃഷിയിടത്തിൽ നിന്ന് ലഭിക്കുന്നത് .പുഷ്പ വ്യാപാരശാലകളിലെ ഓരോ ദിവസത്തേയും പൂവിന്റെ വിലയ്ക്ക് തന്നെ ഇവിടെ നിന്നും പൂക്കൾ വാങ്ങാം.
പൂക്കടകളിൽ നിന്ന് മാത്രമല്ല സമീപ ക്ഷേത്രങ്ങളിൽ നിന്നും സ്കൂൾ, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പൂക്കൾ വാങ്ങുവാൻ ഇവിടെ എത്തുന്നുണ്ട്. മലർവാടി ഗ്രൂപ്പിനെ വസുദേവി, രാജി, ചിത്രലേഖ, ശോഭ, അനില തുടങ്ങിയ അഞ്ചംഗ സംഘമാണ് നയിക്കുന്നത്.
കഴിഞ്ഞ വർഷം പൂവിനൊപ്പം മരച്ചീനിയും ഇവർ കൃഷി ചെയ്തിരുന്നു. നല്ല വിളവെടുപ്പ് ലഭിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇക്കുറിയും കളത്തിലിറങ്ങിയിട്ടുള്ളത്. ബ്ലോക്ക് - പഞ്ചായത്ത് - കൃഷി ഭവൻ എന്നിവയുടെ നിർദ്ദേശാനുസരണമാണ് കൃഷിയെങ്കിലും സബ്സിഡിയോ മറ്റോ ലഭ്യമായാൽ കൂടുതൽ കൃഷി വ്യാപിപ്പിക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു. തീർത്തും ജൈവ കൃഷിയാണ് ഇവർ നടത്തിവരുന്നത്.
നിലമൊരുക്കി ചാണകപ്പൊടി വിതറി ബന്ദിനടുന്നു. മൂന്നാം മാസം മുതൽ വിളവെടുക്കാം. മഴയും പുഴുശല്യവും പ്രതികൂലമായി വരാതെ ഇരുന്നാൽ സിസംബർ പകുതി വരെ വില്പന നടത്താൻ കഴിയുമെന്നും ഇവർ പറയുന്നു.ഇത്തരത്തിൽ പൂക്കളിലൂടെ സ്വയംപര്യാപ്തത കൈവരിക്കാൻ ഒരുങ്ങുകയാണ് മാത്ര ഗ്രാമം.