കൊല്ലം ബീച്ചിൽ തിരക്കോട് തിരക്ക്
1591556
Sunday, September 14, 2025 5:42 AM IST
കൊല്ലം: കൊല്ലം ബീച്ചിൽ രാത്രികാലങ്ങളിലും തിരകൾ പോലെ അലതല്ലി തിരക്കാണ്. ജോലിത്തിരക്കെല്ലാം മാറ്റിവച്ചു എല്ലാവർക്കും രാത്രിയിൽ വിശ്രമിക്കാനൊരു ഇടമായി കൊല്ലം ബീച്ച് മാറുന്നു. അർധരാത്രിവരെയല്ല പുലർച്ചവരെ ഈ ബീച്ചിൽ ചെലവഴിക്കുന്നവരുണ്ട്. ബീച്ചിനെ കുടുംബങ്ങൾ മാത്രമല്ല, യുവതീയുവാക്കളും ഏറ്റെടുത്തിരിക്കുകയാണ്.
കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾവരെ ആഘോഷിക്കാൻ എത്തുന്ന താവളമായി ബീച്ച് മാറിയിരിക്കുന്നു. പകൽ നേരത്തെ സൂര്യന്റെ ചൂട് രാത്രിയിലും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിനു അയവു വരുത്താനാണ് ബീച്ചിനെ ആശ്രയിക്കുന്നതെന്നു സ്വദേശികളും വിദേശികളുമായ കുടുംബങ്ങൾ പറയുന്നു. ഇതുകൂടാതെ രാവിലെ മുതൽ വൈകുന്നേരം വരെ കഠിനാധ്വാനം ചെയ്തതിനുശേഷം അല്പം വിശ്രമിക്കാനൊരു സ്ഥലം എന്ന രീതിയിലുംബീച്ചിനെ ആശ്രയിക്കുന്നവരുണ്ട്.
അർധരാത്രിയിലും കൊച്ചുകുട്ടികൾ ബീച്ചിൽ കളിക്കുന്നതു കാണാം. കടൽ ബീച്ചിനെ കവർന്നുകൊണ്ടിരിക്കുന്നതു അപകടമൊരുക്കുന്നതിനാൽ വടം കെട്ടി തിരിച്ചിട്ടുണ്ട്.
പക്ഷേ, പലപ്പോഴും മുന്നറിയിപ്പുകൾ വകവയ്ക്കാതെയുള്ള സഞ്ചാരികളുടെ കടലിലേക്കുള്ള നടപ്പും ഓട്ടവും ആശങ്ക ജനിപ്പിക്കുന്നുണ്ട്.കൊല്ലം ബീച്ചിൽ പ്രതിദിനം 5000ൽ അധികം സന്ദർശകരാണ് സാധാരണ എത്താറുള്ളത്. സീസൺ സമയത്തു സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകും.മറ്റു ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി കൊല്ലം ബീച്ചിന്റെ തീരത്തോട് ചേർന്നു മൂന്നു മീറ്ററോളം താഴ്ചയുണ്ട്.
അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന ശക്തമായ തിരമാലയിൽ സന്ദർശകർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഗാർഡുകളുടെ എണ്ണം കുറവായതിനാൽ എല്ലായിടത്തും ഓടിയെത്താൻ കഴിയില്ല. അവരുടെ ശ്രദ്ധയെത്തുമ്പോഴേക്കും അപകടം സംഭവിച്ച് കഴിഞ്ഞിരിക്കും.
ബീച്ച് പരിധിയിൽ നിന്ന് മാറിയുള്ള അപകടങ്ങളിൽ പലപ്പോഴും രക്ഷാപ്രവത്തനം നടത്തുന്നത് മത്സ്യത്തൊഴിലാളികളാണ്.വെടിക്കുന്ന് മുതൽ വടക്കോട്ട് ഒരു കിലോമീറ്ററിലേറെ നീളമുണ്ട് ബീച്ചിന്. കൊല്ലം ബീച്ചിന്റെ നീളം ഇപ്പോൾ മുൻപ് ഉണ്ടായിരുന്നതിലും കൂടുതലാണ്. അതിനപ്പുറമുള്ള സ്ഥലത്തും കടലിൽ ഇറങ്ങുന്നവരുണ്ട്.
ലൈഫ് ഗാർഡിനുപോലും എത്താൻ കഴിയാത്ത സ്ഥലമാണ് ഇത്. വെളിച്ചമില്ലാത്തതാണ് പ്രധാനപ്രശ്നം. പ്രധാനഭാഗത്ത് വെളിച്ചമുണ്ടെങ്കിലും പല പ്രദേശത്തും വെളിച്ചമേ എത്തുന്നില്ല. കൂടുതൽ പ്രകാശപൂരിതമായിരുന്നെങ്കിൽ കുടുംബസമേതം എത്തുന്നവർക്ക് അനുഗ്രഹപ്രദമായിരിക്കും. അതുപോലെ പോലീസിന്റെ സാന്നിധ്യം ആവശ്യമാണ്.