പന്മന ആശ്രമത്തിൽ ചട്ടമ്പിസ്വാമി ജയന്തിദിനം ആഘോഷിച്ചു
1591558
Sunday, September 14, 2025 5:42 AM IST
കൊല്ലം: ചട്ടമ്പിസ്വാമിയുടെ നൂറ്റിഎഴുപത്തിരണ്ടാം ജയന്തിദിനം സമാധിസ്ഥാനമായ കൊല്ലം പന്മന ആശ്രമത്തിൽ ആഘോഷിച്ചു. ജയന്തിസമ്മേളനം വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ ഉദ്ഘാടനം ചെയ്തു.
സഹജീവിസ്നേഹത്തോടെ ലോകശാന്തിയ്ക്കായി ജീവിതം നയിച്ച മഹാഗുരുവായിരുന്നു ചട്ടമ്പിസ്വാമികളെന്നും ഗുരുക്കന്മാരുടെ ആശയങ്ങൾ കുട്ടികൾക്ക് പകർന്നുനല്കാനുള്ള ഉത്തരവാദിത്ത്വം മാതാപിതാക്കൾ നിറവേറ്റണമെന്നും പ്രജ്ഞാനാനന്ദ തീർഥപാദർ പറഞ്ഞു.
പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ അധ്യക്ഷനായി. പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർഥപാദർ, ആലത്തൂർ സിദ്ധാശ്രമം മഠാധിപതി സ്വാമി ശിവാനന്ദയോഗി, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, നീലകണ്ഠ തീർഥപാദാശ്രമം സെക്രട്ടറി പ്രഫ. ആർ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.
ഭരണി നക്ഷത്ര വിശേഷാൽ പൂജകൾ, പുഷ്പാഭിഷേകം, കലാപരിപാടികൾ എന്നിവയും നടന്നു.