വൈദ്യുത ലൈനുകൾ കയർ കെട്ടിയ നിലയിൽ; പ്രദേശവാസികൾ ഭീതിയിൽ
1591565
Sunday, September 14, 2025 5:42 AM IST
കുണ്ടറ: കയർ കെട്ടി നിർത്തിയിരിക്കുന്ന വൈദ്യുത ലൈനുകൾ പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. വെള്ളിമൺ പാലക്കടവിൽ കെഎസ്ഇബി യുടെ അനാസ്ഥക്കുള്ള തുടർക്കഥകൂടിയാണിത്.വൈദ്യുത ലൈനുകളും സർവീസ് വയറുകളും താഴ്ന്നു കിടക്കുകയാണ്.
ഇവിടെ കമ്പികളും വയറുകളും കയർ കൊണ്ട് കെട്ടി നിർത്തിയിരിക്കുന്നു. എപ്പോൾ വേണമെങ്കിലും പൊട്ടി താഴെ വീണ് അപകടം സംഭവിക്കാം.
ദിനംപ്രതി നൂറു കണക്കിന് സ്കൂൾ കുട്ടികളും, കാൽനടക്കാരും, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളും നിരന്തരം ആശ്രയിക്കുന്ന റോഡാണിത്. വൈദ്യുത ബോർഡ് ജീവനക്കാരോട് പറയുമ്പോൾ അത് സാരമില്ല കുഴപ്പമില്ല എന്നുള്ള മറുപടികളാണ് നാട്ടുകാർക്ക് ലഭിക്കുന്നത്.
സമയാസമയങ്ങളിൽ ടച്ച് വെട്ട് പോലും ഈ പ്രദേശങ്ങളിൽ കൃത്യമായി നടക്കുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി ഈ അവസ്ഥ തുടരുകയാണ്. പ്രദേശവാസികൾ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.