ആറുപേരിൽ അലിഞ്ഞ് ഐസക്ക് യാത്രയായി
1591562
Sunday, September 14, 2025 5:42 AM IST
കുണ്ടറ: ആറുപേരിൽ അലിഞ്ഞ് ഐസക്ക് യാത്രയായി. ഇരുചക്ര വാഹന അപകടത്തിൽ ജീവൻ പൊലിഞ്ഞ തലവൂർ വടകോട് ബഥേൽ ചരുവിളയിൽ ഐസക്ക് ജോർജ്(ജോമോൻ -33) ഇരുനാടുകളുടെ ആദരവും ആറു കുടുംബങ്ങളുടെ പ്രാർഥനയും ഏറ്റുവാങ്ങി മണ്ണിലേക്ക് മടങ്ങി.
വെള്ളിയാഴ്ച വൈകുന്നേരം തലവൂരിലെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു.
ഇന്നലെ രാവിലെ തലവൂരിലെ വീട്ടിൽ 11ന് ആരംഭിച്ച സംസ്കാര ശുശ്രൂഷകളുടെ ഒന്നാംഘട്ടം പൂർത്തീകരിച്ച് ഐസക് ജോർജിന്റെ മൃതദേഹം ആംബുലൻസിൽ ഉച്ചയ്ക്ക് 1.40 ഓടെ കുണ്ടറ തൊണ്ടിറക്ക് മുക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ എത്തിച്ചത്.
പ്രിയപ്പെട്ടവന്റെ മൃതശരീരം ഒരു നോക്ക് കാണാൻ അവിടെയും അനേകർ തടിച്ചുകൂടി. ജന്മഗൃഹം തലവൂരിൽ ആണെങ്കിലും മാതൃ ഇടവകയായ കുണ്ടറയിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. ഐസക് ജോർജ്, ചിത്രരചന, ഫോട്ടോഗ്രാഫി, സംഗീതം, തുടങ്ങി കലാപരമായ എല്ലാ മേഖലയിലും കഴിവും മികവും തെളിയിച്ച വ്യക്തിത്വമായിരുന്നു. ഒപ്പം നാട്ടുകാരെയും കൂട്ടുകാരെയും തന്റെ ചങ്കോട് ചേർത്ത് നിർത്തിയ ആൾരൂപമായിരുന്നു. മരണവിവരം അറിഞ്ഞത് മുതൽ തലവൂരിലെ വീട്ടിലേക്ക് ജനപ്രവാഹമാണ് ഉണ്ടായത്.
ഉച്ചയ്ക്ക് രണ്ട് മുതൽ ഇടവട്ടം സെന്റ് ജോർജ് പള്ളിയിൽ കൊല്ലം മെത്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിലും മറ്റ് നിരവധി വൈദികരുടെ സഹകാർമികത്വത്തിലും ആരംഭിച്ച ശുശ്രൂഷകൾ വൈകുന്നേരം നാലോടെ അവസാനിച്ചു.
നാട്ടുഭാഷയിൽ പറഞ്ഞാൽ ഒരു സകലകലാവല്ലഭൻ ആയിരുന്നു ജോമോൻ എന്ന് മെത്രാപ്പോലീത്ത അനുസ്മരിച്ചു. മന്ത്രിമാരായ കെ.ബി. ഗണേഷ്കുമാർ, വീണാ ജോർജ്, പി. സി.വിഷ്ണുനാഥ് എംഎൽഎ തുടങ്ങി സാമൂഹിക - സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.