റോഡ് ഒലിച്ച് പോയിട്ട് 20 വർഷം; പൊന്മാനൂർ പ്രദേശവാസികൾ ഇപ്പോഴും റോഡില്ലാതെ ബുദ്ധിമുട്ടിൽ
1591818
Monday, September 15, 2025 6:11 AM IST
കൊട്ടാരക്കര : മഴ വെള്ളപ്പാച്ചിലിൽ 20 വർഷം മുൻപ് ഒലിച്ച് പോയ തൃക്കണ്ണമങ്കൽ ഇടിസി, പൊന്മാനൂർ കനാൽ റോഡ് പുനർ നിർമിച്ച് നൽകുമെന്ന അധികൃ തരുടെ വാഗ്ദാനം വെറും വാക്കായി.
പൊന്മാനൂർ പ്രദേശം ഒറ്റപ്പെട്ട നിലയിലായിട്ട് ഇതോടെ 20 വർഷം. അമ്പതിലേറെ കുടുംബങ്ങൾ ഗതാഗത സൗകര്യം ഇല്ലാതെ വർഷങ്ങളായി വീർപ്പു മുട്ടുകയാണിവിടെ. 2006ഫെബ്രുവരി മാസത്തിലാണ് പൊന്മാനൂർ നിവാസികളെ ദുരിതത്തിലാക്കി കല്ലട ജലസേചന പദ്ധതിയിലെ പൊന്മാനൂർ ഭാഗത്തെ കനാലിന്റെ വശങ്ങൾ പൊട്ടിയടർന്ന് നൂറ് മീറ്ററോളം ദൂരത്തിൽ റോഡ് വെള്ളപ്പാച്ചിലിൽ ഒഴുകി പോയത്.
ഒരു വീട് ഉൾപ്പെടെ അര ഏക്കറോളം സ്ഥലവും അന്ന് ഒലിച്ചുപോയി. ഇടിസിയിൽ നിന്നും നെല്ലിക്കുന്നം ഭാഗത്തേയ്ക്കുള്ള ഏക സഞ്ചാര മാർഗമാണ് വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. റോഡ് ഇല്ലാതായതോട് കൂടി അഞ്ച് കിലോമീറ്റർ ദൂരം അധികം സഞ്ചരിച്ചാണ് അമ്പതിലേറെ കുടുംബങ്ങൾ നെല്ലിക്കുന്നം ജംഗ്ഷനിൽ എത്തുന്നത്. റോഡ് പുനർനിർമിക്കാൻ വേണ്ടി പൊതു ്രവർത്തകരായ തോമസ് പി.മാത്യു, ജോർജ് പൊന്മാനൂർ എന്നിവർ റവന്യൂ, കെ ഐ പി തുടങ്ങിയ വകുപ്പ് അധികാരികൾക്കെല്ലാം നിരവധി നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും റോഡ് പണി എങ്ങുമെത്തിയില്ല.
കഴിഞ്ഞ ബജറ്റിൽ കല്ലട ജലസേചനപദ്ധതികളുടെ തകർച്ചയിൽ കാണപ്പെട്ട ഭാഗങ്ങൾ അറ്റകുറ്റപണികൾ നടത്തി നവീകരിക്കുന്നതിനായി 10കോടി രൂപ അനുവദിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 912കിലോമീറ്റർ ദൂരത്തിലാണ് കനാൽ ഒഴുകുന്നത്.
നീർപ്പാലം, സൂപ്പർ പാസേജ്, തടയണകൾ, കനാൽറോഡിന്റെ പുനർ നിർമാണം തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിരുന്നത്. മന്ത്രിയുടെ പ്രഖ്യാപനം പൊന്മാനൂർ നിവാസികളിൽ പ്രതീക്ഷയുണർത്തിയിരുന്നു. എന്നാൽ തുക അനുവദിച്ച് രണ്ടു വർഷം ആവുമ്പോഴും കനാൽ റോഡിന്റെ പണി എങ്ങുമെത്തിയിട്ടില്ല.