മൊബൈൽ കടയിൽ മോഷണം; പ്രതി പിടിയിൽ
1591820
Monday, September 15, 2025 6:18 AM IST
കൊല്ലം: മൊബൈല്‍ കടയില്‍ നിന്നും ആളില്ലാത്ത സമയം നോക്കി പണം മോഷ്ടിച്ച പ്രതി പോലീസിന്റെ പിടിയിൽ. നെടുമ്പന കുടപ്പാടത്ത് പറവിളവീട്ടില്‍ സെയ്ദലി(20) ആണ് ഈസ്റ്റ് പോലീസിന്റെപിടിയിലായത്. ഇയാള്‍ നിരവധി മോഷണക്കേസില്‍ പല പ്രാവശ്യം ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ്.
കഴിഞ്ഞമാസം ജയില്‍ മോചിതനായി ഇറങ്ങിയശേഷം ഒരു സ്വകാര്യആശുപത്രിയില്‍നിന്ന് ബൈക്ക് മോഷണം നടത്തി.പിന്നീട് ആ വാഹനത്തില്‍ സഞ്ചരിച്ച് പകൽ തുറന്നു കിടക്കുന്ന കടകളില്‍ കയറി പണം മോഷ്ടിക്കുന്നത് പതിവാക്കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ്റ്റേഷന് പരിധിയില്‍ ഒരു മൊബൈല്‍ കടയില്‍ കയറി പണം മോഷ്ടിച്ചു.
പിന്നീട് എറണാകുളം കളമശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കെടിഎമ്മിന്റെ ഒരു സൂപ്പര്‍ ബൈക്ക് മോഷ്ടിച്ചു. ആ വാഹനം കൊല്ലം പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍ അപകടത്തിൽപ്പെട്ടപ്പോൾ വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
പിന്നീട് കായംകുളം പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു സ്പ്ലെന്‍ഡര്‍ വാഹനം മോഷ്ടിച്ചു കൊണ്ടുപോയി. കുണ്ടറ പോലീസ് സ്റ്റേഷന് പരിധിയില്‍ ചന്ദനത്തോപ്പില്‍ നിന്ന് സമാന രീതിയില്‍ ഒരു കടയില്‍ നിന്ന് പണം മോഷ്ടിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് ഡ്യൂക്കിന്റെ ഒരു സൂപ്പര്‍ ബൈക്ക് മോഷ്ടിച്ചു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ വീണ്ടും മോഷണത്തിന് ശ്രമിക്കവേ ആണ് പ്രതി പിടിയിലാകുന്നത്. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സബ്ഇന്‍സ്പെക്ടര്‍ വിപിന്‍, എഎസ്ഐ സതീഷ്കുമാര്‍ സിപിഒ മാരായ അജയകുമാര്‍ ,ഷൈജു എന്നിവരാണ് പ്രതിയെ സാഹസികമായി കീഴടക്കിയത്.