കൊല്ലത്തെ മെമു ഷെഡ് വിപുലീകരണം അന്തിമഘട്ടത്തിൽ
1591817
Monday, September 15, 2025 6:11 AM IST
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡിന്റെ വികസന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേയ്ക്ക്. ഡിസംബറിൽ പണികൾ പൂർണമായും പൂർത്തിയാകും. ഇതോടെ കൊല്ലത്ത് നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം.
കൊല്ലത്തെ മെമു ഷെഡിൽ നിലവിൽ ഒമ്പത് കോച്ചുകളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള സൗകര്യമാണ് ഉള്ളത്. 16 കോച്ചുകളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന പണികളാണ് ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നത്.
കൊല്ലം മെമു ഷെഡിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ റെയിൽവേ ബജറ്റിൽ 44.36 കോടി രൂപയാണ് അനുവദിച്ചത്. ഈ തുക ഉപയോഗിച്ചാണ് വിപുലീകരണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനം നടന്നു വരുന്നത്.
മെമു ഷെഡിന്റെ വികസനത്തിനും നവീകരണത്തിനും കൂടുതൽ ഭൂമി ആവശ്യമായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൊല്ലം കോർപ്പറേഷനുമായി ചില തർക്കങ്ങൾ നിലനിന്നത് കാരണം മെമു ഷെഡിന്റെ വിപുലീകരണം അനിശ്ചിതമായി നീളുകയുണ്ടായി.
എന്നാൽ കോർപറേഷന്റെ അധീനതയിലുള്ള ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കം റെയിൽവേ അധികൃതരുമായി ചർച്ച ചെയ്ത് പരിഹരിച്ചതോടെയാണ് ഷെഡിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തികൾ ആരംഭിച്ചത്.
ഇത് പൂർത്തിയായാൽ 16 കോച്ചുകൾ മാത്രമല്ല 20 മുതൽ 24 കോച്ചുകൾ വരെയുള്ള മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ ഇവിടെ നടത്താനാകും.കൊല്ലത്ത് നിന്ന് നേരത്തേ ഒമ്പത് കോച്ചുകൾ ഉള്ള മെമു ട്രെയിനുകൾ ആണ് സർവീസ് നടത്തിയിരുന്നത്. കോച്ചുകളുടെ എണ്ണം പിന്നീട് 12 ആയും അടുത്തിടെ 16 ആയും ഉയർത്തിക്കഴിഞ്ഞു.
എന്നാൽ 16 കോച്ചുകൾ ഉള്ള ട്രെയിനുകളുടെ മെയിന്റനൻസ് വർക്കുകൾ ഇപ്പോഴും പാലക്കാട് മെമു ഷെഡിൽ കൊണ്ടുപോയാണ് നടത്തിവരുന്നത്. ഡിസംബറോടെ ഈ വിഷയത്തിന് സമ്പൂർണ പരിഹാരമാകും.മെമു ഷെഡിന്റെ വികസനം പൂർത്തിയാകുമ്പോൾ കൊല്ലത്ത് നിന്ന് കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം റൂട്ടുകളിൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താൻ സാധിക്കും.
തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ചില ചെറിയ സ്റ്റേഷനുകളിൽ 16 കോച്ചുകൾ ഉള്ള മെമു നിർത്തുമ്പോൾ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിന്റെ പ്രാരംഭ നടപടികളും ആരംഭിച്ച് കഴിഞ്ഞു.
കൊല്ലത്ത് നിന്ന് കൂടുതൽ മെമു സർവീസ് ആരംഭിക്കയാണെങ്കിൽ അനുബന്ധമായി ഇവിടെ കൂടുതൽ പ്ലാറ്റ്ഫോമുകൾ നിർമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതും തിരുവനന്തപുരം ഡിവിഷണൽ അധികൃതരുടെ പരിഗണനയിലാണ്.
ഡിവിഷൻ പരിധിയിൽ സർവീസ് നടത്തുന്ന എല്ലാ മെമു ട്രെയിനുകളും ആഴ്ചയിൽ ഒരു ദിവസം ഓടാറില്ല. അറ്റകുറ്റപ്പണികൾക്കായാണ് ഇങ്ങനെ ഒരു ദിവസം സർവീസ് റദ്ദ് ചെയ്യുന്നത്. ഇത് സ്ഥിരം യാത്രക്കാർക്ക് അടക്കം വലിയ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്.
കൊല്ലം മെമു ഷെഡിന്റെ വിപുലീകരണം പൂർത്തിയാകുന്നതോടെ ഇതിനും ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും. കൂടുതൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ ഒരേ സമയം നടത്താൻ നിർദിഷ്ട മെമു ഷെഡിന് കഴിയും. ഇതിനാൽ കൂടുതൽ സാങ്കേതിക വിഭാഗം ജീവനക്കാരെ കൊല്ലത്ത് നിയമിക്കാനും ഡിവിഷൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.