വർണാഭമായി ശോഭായാത്ര
1591816
Monday, September 15, 2025 6:11 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ അയ്യൻപിള്ള വളവ് അമ്മൻകോവിൽ നിന്നും ആരംഭിച്ച ശ്രീകൃഷ്ണ ശോഭ യാത്ര കുളത്തൂപ്പുഴ പട്ടണത്തെ അക്ഷരാർഥത്തിൽ ഒരു അമ്പാടിയാക്കി.
കുളത്തൂപ്പുഴ ടൗൺ ,മഹാവിഷ്ണു ക്ഷേത്രം , ആനക്കൂട് ശിവക്ഷേത്രം വഴി കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഘോഷയാത്ര സമാപിച്ചു. ഘോഷയാത്രയിൽ ശ്രീകൃഷ്ണ വേഷധാരികളായ കുഞ്ഞുങ്ങളും രാധമാധവ വേഷത്തിൽ അണിനിരന്ന സ്ത്രീകളും ഘോഷയാത്രയെ വർണശബളമാക്കി. തുടർന്ന് ഉറിയടിയും നടന്നു.
അമൃതപുരി (കൊല്ലം): കൊല്ലം മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു . പുലർച്ചേ മഹാഗണപതിഹോമത്തോടുകൂടി ആഘോഷ പരിപാടികൾക്ക് തുടക്കമായി. ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷത്തിൽ വിദേശികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു.
ആഘോഷങ്ങളോടനുബന്ധിച്ച് ഗോപൂജ, വർണശബളമായ ഘോഷയാത്ര, ബാലഗോപാല പൂജ, ഉറിയടി, ഭജന, വിശ്വശാന്തി പ്രാർഥന, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു.
ബാലഗോപാല പൂജയ്ക്ക് ശേഷം ജന്മാഷ്ടമി സന്ദേശവും തുടർന്ന് പ്രസാദ വിതരണവും നടന്നു.
ചവറ : വിവിധ ക്ഷേത്രങ്ങളിൽ അഷ്ടമി രോഹിണി മഹോത്സവം നടന്നു. രാവിലെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ ഭക്തരുടെ തിരക്കായിരുന്നു. തേവലക്കര തെക്കന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ചവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉൾപ്പടെ മറ്റ് ക്ഷേത്രങ്ങളിലും രാവിലെ മുതല്‍ തന്നെ ഉറിയടി നേര്‍ച്ച, വിശേഷാല്‍ പൂജകളും നടന്നു.
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഉറിയടി നേര്‍ച്ചയ്ക്കായി എത്തിയിരുന്നു.രാവിലെ തുടങ്ങിയ ഉറിയടി രാത്രി വരെ നീണ്ടു. വിശേഷാല്‍ പൂജകളും നടന്നു.
മധുരപലാഹാര വിതരണവും നടത്തി.ബാല ഗോകുലത്തിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശോഭാ യാത്രകളും നടത്തി. നിരവധി കുട്ടികള്‍ രാധയും കൃഷ്ണനും ഗോപികമാരുമായി അണിഞ്ഞൊരുങ്ങി ഘോഷയാത്രയില്‍ പങ്കെടുത്തു.