‘ഇത് ഞങ്ങളുടെ ജീവൻ മരണ പ്രശ്നം" : കൊല്ലം തീരത്ത് കടൽ മണൽ ഖനനം നടത്താൻ അനുവദിക്കില്ല
1591809
Monday, September 15, 2025 6:11 AM IST
അജി വള്ളിക്കീഴ്
കൊല്ലം: ‘അവർക്ക് നാവികസേനയെയോ സൈന്യത്തെയോ പോലും കൊണ്ടുവരാനാവും. പക്ഷേ ഞങ്ങളുടെ കൊല്ലം തീരത്ത് കടൽ മണൽ ഖനനം നടത്താൻ ഞങ്ങൾ അനുവദിക്കില്ല. ഇത് ഞങ്ങളുടെ ജീവൻ മരണ പ്രശ്നമാണ്, ഞങ്ങളുടെ ഉപജീവനമാർഗം കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ല' നിർദിഷ്ട ആഴക്കടൽ മണൽ ഖനനത്തെക്കുറിച്ചുള്ള നിലപാടിനെക്കുറിച്ച് മത്സ്യത്തൊഴിലാളി യേശുദാസൻ സെലസ്റ്റീൻ വികാരാധീനനായി പറഞ്ഞു.
ഓഫ്ഷോർ ഏരിയാസ് ആറ്റോമിക് ആക്ട് പ്രകാരം കൊല്ലം തീരത്ത് കടൽത്തീര മണൽ ഖനനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കടൽ ഖനനം തുടങ്ങാനിരിക്കുന്ന കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ തീർത്തും ആശങ്കയിലാണ്.
പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധരും രാഷ്ട്രീയ പാർട്ടികളും മത്സ്യബന്ധന സമൂഹങ്ങളും എല്ലാവരും മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ ടെണ്ടർ നടപടികളുമായി മുന്നോട്ടു തന്നെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്ന കൊല്ലത്തെ നീണ്ടകരയാണ് പ്രതിവർഷം ഏകദേശം 5.5 ലക്ഷം ടൺ മത്സ്യം സംഭാവന ചെയ്തുകൊണ്ട് കേരളത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത്. ഈ മത്സ്യത്തിന്റെ വലിയൊരു ഭാഗം കയറ്റുമതി ചെയ്യുന്നു. മത്സ്യബന്ധന വ്യവസായം ജില്ലയുടെ പ്രാഥമിക സാമ്പത്തിക ചാലകശക്തിയും പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ വ്യവസായങ്ങളിലെ തൊഴിലാളികളുടെയും ഉപജീവന മാർഗവുമാണ്.
കേന്ദ്ര സർക്കാരിന്റെ ‘ബ്ലൂ ഇക്കണോമി' പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഖനന കമ്പനികൾക്ക് കടൽ തുറന്നുകൊടുക്കുന്ന പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികൾ ഇതിനകം നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 19ന് സെക്രട്ടേറിയറ്റു മാർച്ചിനും ആഹ്വാനം ചെയ്തിരിക്കുകയാണ്.
സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ എല്ലാ മത്സ്യത്തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. നിയമപ്രകാരമുള്ള ലേലത്തിലൂടെയാണ് ഖനനത്തിനു കമ്പനികളെ തെരഞ്ഞെടുക്കുന്നത്. സാങ്കേതിക പരിജ്ഞാനം അടക്കം യോഗ്യതകളുള്ള കമ്പനികളാണു ലേലത്തിൽ പങ്കെടുത്തിട്ടുള്ളത്.
‘കടലിന്റെ അടിത്തട്ട് ഇളക്കിമറിക്കുന്ന ഖനനം തീരത്തെ മണൽത്തിട്ടകളെ ബാധിക്കും. കടലാക്രമണം രൂക്ഷമാകുന്നതടക്കം പ്രശ്നങ്ങൾ ഉണ്ടാക്കും. പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ കേന്ദ്ര സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയാൽ അതിനെ ചെറുക്കുക തന്നെ ചെയ്യുമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് യേശുദാസ് എസ്. ഫെർണാണ്ടസ് പറഞ്ഞു.
‘പ്രകൃതിയിൽ മാറ്റങ്ങൾ വരുത്തുന്നത് കൊല്ലം തീരത്ത് കാണപ്പെടുന്ന ഉപരിതലത്തിൽ നിന്ന് ഒന്നര അടി താഴെയുള്ള മണ്ണിനെ അസ്വസ്ഥമാക്കും. ഈ ചെളി നീക്കം ചെയ്യുമ്പോൾ, അത് ഒരു സംരക്ഷണ ബാങ്കിന്റെ രൂപീകരണത്തെ തടസം ഉണ്ടാക്കുക തന്നെ ചെയ്യും.
കൊല്ലം തീരം ഒരു വലിയ മത്സ്യസമ്പത്തിന്റെ ആവാസ കേന്ദ്രമാണ്. ഈ ചെളി നീക്കം ചെയ്താൽ, അത് അവയെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കും. അങ്ങനെ സംഭവിച്ചാൽ ഫിഷറീസ് വകുപ്പുകളുടെ തന്നെ ആവശ്യം വരില്ല.' മത്സ്യത്തൊഴിലാളി നേതാവ് റീന നന്ദിനി നന്ദിലത്ത് പറഞ്ഞു.
ഖനനം കടലിലെ മത്സ്യബന്ധനത്തെ മാത്രമല്ല, ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യത്തൊഴിലാളികൾക്ക് സ്ഥിര വരുമാനത്തിന്റെ മറ്റൊരു പ്രധാന സ്രോതസിനാണ് ഇതോടെ മുറിവേൽക്കുന്നത്.
‘രാഷ്്ട്രീയ ബന്ധങ്ങൾ പരിഗണിക്കാതെ കേരളത്തിലുടനീളമുള്ള മത്സ്യത്തൊഴിലാളികൾ ഇതിനെതിരെ രംഗത്തിറങ്ങുകയാണെന്നാണ് വാടിയിലെ മത്സ്യത്തൊഴിലാളിയായ അലക്സാണ്ടർ പറയുന്നത്.
‘ഒന്നിച്ച് ഇതിനെതിരെ പ്രതിഷേധിക്കാൻ ഞങ്ങൾ സംഘടിപ്പിക്കുകയാണ്. നമ്മുടെ ജീവൻ പോലും ത്യജിക്കേണ്ടിവന്നാലും കടലിൽ നിന്ന് ഒരു തരി മണൽ പോലും നീക്കം ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല' അലക്സാണ്ടർ പറഞ്ഞു.
‘കൊല്ലത്ത് 242 ചതുരശ്ര കിലോമീറ്ററിൽ ഖനനത്തിനുള്ള ടെൻഡർ നടപടികളാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുള്ളത്. മണൽ ഖനനം പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധികൾ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് കേന്ദ്ര നയത്തെ എതിർക്കുന്ന മൽസ്യ തൊഴിലാളി സമൂഹം ഒറ്റകെട്ടായി പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനം അട്ടിമറിക്കുന്ന പദ്ധതിയായി ഇതു മാറുമെന്ന ആശങ്ക മൽസ്യ തൊഴിലാളികൾക്ക് ഉള്ളതായി മത്സ്യ ത്തൊഴിലാളി കോൺഫെഡറേഷൻ സെന്റർ സംസ്ഥാന ജനറൽസെക്രട്ടറി നേതാവ് അജിത് കുരീപ്പുഴ പറയുന്നു.
570 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശമുള്ള കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യസമ്പത്തുള്ള മേഖലയാണ് കൊല്ലം. അവിടെയാണ് ആദ്യം ഖനനത്തിനു തെരഞ്ഞെടുക്കുന്നത്. മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന മേഖലയിലെ മണൽ ഖനനം മത്സ്യസമ്പത്തിനെ ബാധിക്കുമെന്നതിനൊപ്പം ജൈവവൈവിധ്യം ഇല്ലാതാക്കുന്നതിനും ഇടവരുത്തും.
കേരളത്തിന്റെ നിലനിൽപ്പിനെപ്പോലും ബാധിക്കുന്നതാണ് കടൽ മണൽ ഖനനം എന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. കടൽ മണൽ ഖനനത്തിന്റെ മറവിൽ വിലപിടിപ്പുള്ള ധാതുക്കൾ വൻതോതിൽ കടത്താൻ ലക്ഷ്യമിടുന്നുവെന്നും അവർ ആരോപിക്കുന്നു.
കടലിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന മണൽ നിർമാണത്തിന് അനുയോജ്യമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നാണ് സർക്കാർ നയത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്.
അനിയന്ത്രിതമായി പാറ പൊടിച്ച് മണൽക്ഷാമം പരിഹരിക്കുന്നതു സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ കടൽ മണൽ ഖനനത്തിലൂടെയുണ്ടാവുന്നില്ലെന്ന വാദമാണ് ഇതിനൊക്കെ അടിസ്ഥാനമായി പറയുന്നത്. മണലിൽ അടങ്ങിയിരിക്കുന്ന വിലപിടിപ്പുള്ള ധാതുക്കൾ കണ്ടെത്താനും ഖനനത്തിലൂടെ കഴിയും.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അനുമതി നൽകിയതു പ്രകാരമാണ് ഖനനം നടത്തുന്നതെന്നും അധികൃതർ പറയുന്നു. ഖനനം കടലിലെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഇവർ വാദിക്കുന്നു.
എന്തായാലും മത്സ്യത്തൊഴിലാളികളുടെയും തീരദേശത്തിന്റെയും ആശങ്കകൾ അവഗണിച്ചുകൊണ്ട് അധികൃതർക്ക് മുന്നോട്ടുപോകാനാവില്ല. മത്സ്യസമ്പത്ത്, ആവാസ വ്യവസ്ഥ, പരിസ്ഥിതി എന്നിവ സംബന്ധിച്ച് ഉയർന്നിട്ടുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു.