വാഹന അപകടത്തിൽ മരിച്ച സിവിൽ ഡിഫൻസ് അംഗത്തിന് സേനാംഗങ്ങൾ അന്ത്യോപചാരം നൽകി
1592055
Tuesday, September 16, 2025 6:37 AM IST
ചവറ : വാഹന അപകടത്തിൽ മരിച്ച അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗത്തിന് സേനാംഗങ്ങൾ അന്ത്യോപചാരം നൽകി. മത്സ്യത്തൊഴിലാളി കൂടിയായ നീണ്ടകര പരിമണം തെക്ക് കൃഷ്ണാലയത്തിൽ വിശ്വൻ പിള്ള - ചിത്ര ദമ്പതികളുടെ മകൻ വി.ബൈജു (43) വിനാണ് അന്ത്യോപചാരം നൽകിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ നീണ്ടകര ജോയിന്റ് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബൈജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വിലാപയാത്രയായി ചവറ അഗ്നിരക്ഷാ നിലയത്തിൽ മൃതദേഹം എത്തിച്ചു പൊതുദർശനത്തിന് വച്ചു. ജില്ലയിൽ നിന്നുമുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ, സേനാംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർ വി. ബൈജുവിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ഉച്ചയ്ക്ക് രണ്ടോടുകൂടി അഗ്നിരക്ഷാനിലയത്തിൽ നിന്നും വിലാപയാത്രയായി നീണ്ടകരയിലുള്ള വസതിയിൽ എത്തിച്ചു പൊതുദർശനത്തിനുശേഷം സംസ്കാരം നടത്തി. 2019 മുതൽ ചവറ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗമായിരുന്നു മരിച്ച വി.ബൈജു. ഭാര്യയും ഇതേ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗമാണ്.
ഡിവിഷണൽ ഓഫീസർ സിദ്ധകുമാർ , കൊല്ലം ജില്ലാ ഫയർ ഓഫീസർ എൻ രാംകുമാർ, സ്റ്റേഷൻ ഓഫീസർ പി. എസ്. സാബുലാൽ, ചവറ പോലീസ്, ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവർ അഗ്നിരക്ഷാനിലയത്തിലും വീട്ടിലും എത്തി അന്ത്യോപചാരം അർപ്പിച്ചു.
ചവറ പോലീസ് സ്റ്റേഷന്റെ മുന്നിൽ വച്ചായിരുന്നു അന്ത്യോപചാരം അർപ്പിച്ചത്.