കാട്ടുപോത്ത് കേടുപാടുകൾ വരുത്തിയ വാഹനത്തിന് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് അധികൃതർ
1592056
Tuesday, September 16, 2025 6:37 AM IST
കുളത്തൂപ്പുഴ: ഇരുചക്ര വാഹനം കാട്ടുപോത്ത് കുത്തിയെറിഞ്ഞ് നശിപ്പിച്ച സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്ന് കടമായി പണം സംഘടിപ്പിച്ച് വാഹനത്തിന്റെ തകരാറുകള്‍ പരിഹരിച്ച പ്രദേശവാസി കടക്കെണിയില്‍. കുളത്തൂപ്പുഴ നെടുവന്നൂർക്കടവ് ബ്ലോക്ക് നമ്പർ 47 ൽ രാജീവിനാണ് ദുർഗതി.
ഇക്കഴിഞ്ഞ ജൂലൈ 20ന് പുലര്‍ച്ചെ ജോലിക്കായി പോകവെയാണ് പൂമ്പാറ നെടുവന്നൂര്‍ക്കടവ് ഗ്രാമപാതയില്‍ വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബൈക്ക് തകർന്നത്. പാതയോരത്ത് നിന്നിരുന്ന കാട്ടുപോത്ത് തന്റെ നേര്‍ക്ക് വരുന്നത് കണ്ട് വാഹനം ഉപേക്ഷിച്ച് രാജീവ് ഓടി രക്ഷപ്പെടുകയായിരുന്നു.
ഓടിയെത്തിയ കാട്ടുപോത്ത് ഇരുചക്രവാഹനം കുത്തിയെറിഞ്ഞു. സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ വാഹനം നന്നാക്കിയ ശേഷം രേഖകളുമായി അപേക്ഷ സമര്‍പ്പിക്കുവാനും നഷ്ടപരിഹാരം അനുവദിച്ചു കിട്ടുമെന്നും ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പലിശയ്ക്ക് പണം കടം വാങ്ങിയാണ് രാജീവ് വാഹനത്തിന്റെ കേടുപാടുകള്‍ തീർത്തത്.
ശേഷം അപേക്ഷ സമര്‍പ്പിച്ച് മുന്നു മാസം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ സെക്ഷന്‍ ഓഫീസിലും റെയിഞ്ച് ഓഫീസിലും അന്വേഷിച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് വനംവകുപ്പ് നഷ്ടപരിഹാരം നല്കുകയില്ലെന്നറിയുന്നത്.
നിര്‍ധനനായ രാജീവ് തന്റെ വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സായിരുന്നു എടുത്തിരുന്നത്. അതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കുകയുമില്ല.
ജനവാസ മേഖലയില്‍ വച്ചുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നിരിക്കെ വാഹനം ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ക്ക് യാതൊരു സംരക്ഷണവും നല്‍കാനാവില്ലെന്ന വനംവകുപ്പ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.