നിലമേലിൽ സ്കൂൾ ബസ് താഴ്ചയിലേക്കു പതിച്ചു
1592061
Tuesday, September 16, 2025 6:37 AM IST
കൊല്ലം: നിലമേലില്‍ സ്കൂള്‍ബസ് അപകടത്തില്‍പ്പെട്ടു വിദ്യാര്‍ഥികള്‍ക്കു പരിക്ക്. കിളിമാനൂര്‍ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസാണ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ച് അപകടമുണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. 22 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഡ്രൈവറടക്കം സാരമായി പരിക്കേറ്റ നാലുപേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 കുട്ടികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ഒൻപതു കുട്ടികളെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ഇന്നലെ ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു വിദ്യാര്‍ഥികളുമായി യാത്രതിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
കയറ്റംകയറി വരുമ്പോൾ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന വാഹനത്തിനു സൈഡ് നല്‍കാനായി ബസ് ഒതുക്കിയപ്പോഴാണ് പിറകോട്ടു ഉരുണ്ട് ഇരുപതടിയോളം താഴ്ചയിലേക്ക് പതിച്ചത്.
ഒരു മരത്തിലിടിച്ചാണ് ബസ് നിന്നത്. മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബസ് പരിശോധിച്ചു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.