ആടുമോഷണം; പ്രതി പിടിയിൽ
1592062
Tuesday, September 16, 2025 6:37 AM IST
പരവൂർ : പരവൂരിലും പരിസര പ്രദേശങ്ങളിൽ നിന്നും ആടുകളെ മോഷ്ടിച്ച് കടത്തുന്ന കേസിൽ പ്രതി പിടിയിൽ.തമിഴ്നാട് സ്വദേശിയും പരവൂർ കല്ലുംകുന്ന് ചരുവിള കോളനിയിൽ താമസക്കാരനുമായ ഭരത് (23) ആണ് അറസ്റ്റിലായത്.
പോലീസ് പറയുന്നത്- പ്രതിയായ ഭരതും മാതാവും , തന്റെ പിതാവിനെ ഉപേക്ഷിച്ച ശേഷം മോഷ്ടാവും പിടിച്ചു പറിക്കാരനുമായ രണ്ടാനച്ഛൻ മണ്ണുമാന്തി റഷീദിനോടൊപ്പമാണ് താമസം.
രണ്ടാനച്ഛനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഇയാളും മോഷണത്തിലേക്ക് തിരിയുകയായിരുന്നു.
ആടുകളെ മോഷ്ടിക്കലിലായിരുന്നു പ്രതി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പരവൂർ, പൂതക്കുളം, ചിറക്കര , ഊന്നിൻ മൂട് പ്രദേശങ്ങളിൽ നിന്നും ആടുകളെ മോഷ്ടിച്ചിട്ടുള്ളതായി പറയപ്പെടുന്നു.
പുതക്കുളം ഇടപ്പണ, ആശാരിമുക്ക് ഭാഗങ്ങളിൽ നിന്നും ആടുകളെ മോഷണം നടത്തിയതിന് രണ്ടു കേസുകളാണ് ഇയാൾക്കെതിരേ എടുത്തിരിക്കുന്നത്.
മോഷണം നടത്തിയ ശേഷം തമിഴ് നാട്ടിലേക്ക് കടന്ന പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പിൻതുടർന്ന് നാഗർകോവിൽ , കന്യാകുമാരി എന്നിവടങ്ങളിൽ എത്തിയെങ്കിലും തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ വീണ്ടും ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ പ്രതി തിരുവനന്തപുരത്ത് ഉള്ളതായി കണ്ടെത്തി.
തുടർന്നു നടത്തിയ തെരച്ചിലിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഭരതിനെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ് ക്കും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ മോഷണ വിവരങ്ങളും കടത്തിക്കൊണ്ടുപോകുന്ന ആടുകളെ ആർക്കാണ് കൈമാറുന്നതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് പരവൂർ പോലീസ് പറഞ്ഞു.