വയോധികയുടെ താലിമാല പൊട്ടിച്ച കേസ്: രണ്ടാം പ്രതി അറസ്റ്റില്‍
1592255
Wednesday, September 17, 2025 6:29 AM IST
അഞ്ചല്‍ : ബൈക്കില്‍ എത്തി വഴി ചോദിക്കാന്‍ എന്ന വ്യാജേന നിര്‍ത്തുകയും വയോധികയുടെ രണ്ടരപവന്‍ തൂക്കം വരുന്ന താലിമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലെ രണ്ടാം പ്രതിയും അറസ്റ്റില്‍.
കോഴിക്കോട് സ്വദേശി അനസാണ് പിടിയിലായത്. ഇടമുളക്കല്‍ നീറായിത്തോട് വീട്ടില്‍ ഗിരിജ ദേവിയുടെ മാലയും താലിയുമാണ് ഇപ്പോള്‍ പിടിയിലായ അനസ് ഉള്‍പ്പെട്ട രണ്ടംഗസംഘം ബൈക്കില്‍ എത്തി പൊട്ടിച്ചു കടന്നു കളഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം.
ഗിരിജയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് പ്രധാന പ്രതിയായ തിരുവനന്തപുരം സ്വദേശി അനസിനെ ജൂലൈ മാസത്തില്‍ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇപ്പോള്‍ പിടിയിലായ അനസിനെകുറിച്ചു വിവരം ലഭിക്കുന്നത്. ഇയാള്‍ക്കായി അന്വേഷണം തുടരുന്നതിനിടെ മറ്റൊരു കേസില്‍ അനസ് പൊന്നാനി പോലീസിന്റെ പിടിയിലായതായി അഞ്ചല്‍ പോലീസിന് വിവരം ലഭിക്കുന്നത്.
ഇതോടെ പൊന്നാനിയില്‍ എത്തി കോടതിയുടെ അനുമതിയോടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.ബൈക്ക് കവര്‍ച്ച മാല പൊട്ടിക്കല്‍ ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മുപ്പതിലധികം കേസുകളില്‍ പ്രതിയാണ് അനസ് എന്ന് എസ്ഐ പ്രജീഷ്കുമാര് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. താന്‍ ഈ സ്ഥലത്തു എത്തിയിട്ടേ ഇല്ലന്നു അനസ് പറഞ്ഞുവെങ്കിലും സമീപത്തെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ അനസിന് കുരുക്കായി. വീട്ടമ്മ ഇയാളെ തിരിച്ചറിയുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്ഐ പ്രജീഷ് കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിബിന്‍, അഭിലാഷ്, സിവില്‍ പോലീസ് ഓഫീസര്‍ ജിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.