‘ഗൃഹസമൃദ്ധി വീട്ടമ്മയ്ക്കൊരു കൈത്താങ്ങ് ’പദ്ധതിയുമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്
1592256
Wednesday, September 17, 2025 6:29 AM IST
പത്തനാപുരം: സ്ത്രീകള്‍ക്കു സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ‘ഗൃഹസമൃദ്ധി വീട്ടമ്മയ്ക്കൊരു കൈത്താങ്ങ്' പദ്ധതിയുമായി പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത്. പിറവന്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, വിളക്കുടി, പത്തനാപുരം, തലവൂര്‍ പഞ്ചായത്തുകളിലെ വനിതാ വ്യക്തിഗത ഉപഭോക്താക്കളുടെ ക്ലസ്റ്റര്‍ ബ്ലോക്ക് തലത്തില്‍ രൂപീകരിച്ച് ഒരു കറവപശുവും എട്ടുമാസം പ്രായമായ പെണ്ണാടും 10 മുട്ടക്കോഴികളും നല്കുന്ന പദ്ധതിയാണിത്.
പശു വളര്‍ത്തലിനു പ്രോത്സാഹനം, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനവും വിപണനവും, ആട് - കോഴി വളര്‍ത്തലിലൂടെ അധികവരുമാനം, പുതിയ തലമുറയെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
ഗൃഹസമൃദ്ധി പദ്ധതിയിലൂടെ 60000 രൂപ വിലവരുന്ന ഒരു കറവപ്പശുവിനെയും 9000 രൂപ വിലവരുന്ന എട്ടുമാസം പ്രായമായ പെണ്ണാടിനെയും ബാങ്ക് ലോണ്‍ മുഖേനയാണ് നല്‍കുന്നത്.
വികസനഫണ്ടില്‍ നിന്നും 9,45000 രൂപയാണ് വിനിയോഗിക്കുക. കറവ പശുവിനെ 30000 രൂപ സബ്സിഡിയിലും പെണ്ണാടിനെ 4500 രൂപ സബ്സിഡിയിലും മുട്ടക്കോഴി കുഞ്ഞുങ്ങളെ 500 രൂപ സബ്സിഡിയിലുമാണ് നല്‍കുന്നത്. പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് ലഭിക്കുന്നത് 35,000 രൂപ സബ്സിഡിയാണ്. ക്ഷീരസംഘങ്ങള്‍ വഴി പാല് വിപണത്തിന് സംവിധാനവും ഒരുക്കിയിട്ടുണ്ട്.2020-21 മുതല്‍ 2024-25 വരെയുള്ള അഞ്ചു വര്‍ഷങ്ങളിലായി 386 വനിതകള്‍ക്ക് കറവ പശുവിനെ വാങ്ങാനാണ് സഹായം നല്‍കിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി രണ്ടു കോടി എഴുപത് ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ നല്കി. എല്ലാ വര്‍ഷങ്ങളിലും ശരാശരി ഒരു കോടി രൂപയാണ് ക്ഷീര മേഖലയ്ക്കായി പഞ്ചായത്ത് മാറ്റി വയ്ക്കുന്നത്. പദ്ധതിയുടെ വിപുലീകരണമാണ് ഇനി ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി പറഞ്ഞു.