ജിഎസ്ടി നിരക്കിളവ്: വ്യാപാരികൾക്ക് വമ്പൻ ഓഫറുകളുമായി കമ്പനികൾ
1592653
Thursday, September 18, 2025 6:45 AM IST
പരവൂർ: ജിഎസ്ടി നിരക്കിളവ് പ്രാബല്യത്തിൽ വരുന്ന 22 ന് മുമ്പ് സ്റ്റോക്കുകൾ പരമാവധി വിറ്റഴിക്കാൻ വ്യാപാരികൾക്ക് വമ്പൻ ഓഫറുകളുമായി എഫ്എംസിജി കമ്പനികൾ.
സോപ്പ്, ടൂത്ത് പേസ്റ്റ്, ഷാംപൂ, ഹെയർ ഓയിൽ തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് അമ്പരപ്പിക്കുന്ന വിലക്കുറവാണ് കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. ചില ഉത്പന്നങ്ങൾക്ക് ചില്ലറ വിൽപ്പനക്കാർക്ക് അടക്കം 20 ശതമാനം വരെ വിലയിൽ ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ 12 മുതൽ 18 ശതമാനം വരെയുള്ള പല ഉത്പന്നങ്ങളുടെയും ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. ഇക്കാരണത്താൽ പ്രോക്ടർ ആന്റ്ഗാംബിൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ ഇന്ത്യ, ലോറിയൽ ഇന്ത്യ, ഹിമാലയ വെൽനെസ് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികൾ അവരുടെ കൈവശം സ്റ്റോക്കുള്ള ഉയർന്ന ജിഎസ്ടി രേഖപ്പെടുത്തിയ ഉത്പന്നങ്ങൾ പൂർണമായും വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇക്കാരണത്താലാണ് കമ്പനികൾ അവിശ്വസനീയമായ രീതിയിൽ വമ്പൻ ഡിസ്കൗണ്ടുകൾ നൽകി സ്റ്റോക്കുകൾ വിറ്റഴിക്കുന്നത്. ജിഎസ്ടിയിൽ ഇളവ് ഏർപ്പെടുത്തിയിട്ടുള്ള നിരവധി ഉത്പന്നങ്ങൾക്ക് ഇത്തരത്തിൽ വിലക്കുറവ് ലഭിക്കും.